മറുനാടൻ മലയാളി ഓഫീസ് ഏഴ് ദിവസത്തിനകം പൂട്ടണം; നോട്ടീസ് നൽകി തിരുവനന്തപുരം കോർപറേഷൻ
Reporter: News Desk 17-Jul-20231,553
മറുനാടൻ മലയാളിക്ക് അടുത്ത തിരിച്ചടി. മറുനാടന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് കോർപറേഷൻ നിർദേശം. കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിർദേശം.
ഏഴ് ദിവസത്തിനുള്ളിൽ ഓഫീസിന്റെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 10നാണ് കോർപറേഷൻ കത്ത് നൽകിയത്. ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ക്രമമാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നിശ്ചിത ദിവസത്തിനകം പ്രവർത്തനം നിർത്തിവച്ച് രേഖാമൂലം അറിയിക്കാത്തപക്ഷം സ്ഥാപനം അടച്ചുപൂട്ടുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോർപറേഷൻ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. പട്ടത്തെ ഫ്ളാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
മറുനാടന്‍ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നോട്ടീസ്. നഗരസഭാ നിയമപ്രകാരം ഏതൊരു കച്ചവട സ്ഥാപനങ്ങളും തുടങ്ങുമ്പോള്‍ തന്നെ ലൈസന്‍സ് എടുക്കേണ്ടതാണ്. ഇതുവരെ മറുനാടന്‍ മലയാളി ഇതു എടുത്തിട്ടില്ല. അതിനാല്‍ നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം. അല്ലെങ്കില്‍ നിയമ ലംഘനമായി കണ്ട് ഓഫീസ് അടച്ചുപൂട്ടിക്കും- നോട്ടീസില്‍ പറയുന്നു.
അതേസമയം, മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ബിഎസ്എന്‍എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.