ബാക്ടീരിയൽ വാട്ടം; ചെണ്ടുമല്ലി കർഷകർ ആശങ്കയിൽ
Reporter: News Desk 18-Jul-20231,908
കണ്ണൂർ :ബാക്ടീരിയൽ വാട്ടം വ്യാപകമായതോടെ ഓണം വിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി കൃഷി ആരംഭിച്ച കൃഷിക്കാർ ആശങ്കയിൽ. പ്രത്യേക പദ്ധതിയിൽ പെടുത്തി ജില്ലയിൽ 40 ഹെക്ടർ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ചെണ്ടുമല്ലി കൃഷി തുടങ്ങിയിട്ടുണ്ട്.
ജില്ലയിൽ ആറളം, കുറുമാത്തൂർ, കൂടാളി പഞ്ചായത്തുകളിലാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. പി ജയരാജ് പറഞ്ഞു. ആറളം പഞ്ചായത്തിലെ ബാക്ടീരിയൽ വാട്ടം കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഇടപെടൽ മൂലം നിയന്ത്രണ വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പുളിരസം കൂടുതലുള്ള മണ്ണിൽ രോഗലക്ഷണം വളരെ രൂക്ഷമാണ്. കൃത്യമായ പരിപാലനം നടത്തിയിട്ടില്ലെങ്കിൽ വിളകൾ നശിച്ചു പോകും. തക്കാളി, വഴുതന, പച്ചമുളക് എന്നിവയെ ബാധിക്കുന്ന അതേ രോഗമാണിത്. ശക്തമായ മഴയും അതിന് ശേഷം വരുന്ന വെയിലും രോഗം വ്യാപിക്കാൻ കാരണമാകും.
അസുഖം വന്ന് വാടിയ ചെടികളെ പിഴുത് കടഭാഗം മുറിച്ച് ചില്ല് ഗ്ലാസിലുള്ള തെളിഞ്ഞ വെള്ളത്തിൽ ഇറക്കി വെച്ചാൽ മുറിഭാഗത്ത് നിന്നും വെളുത്ത പുക പോലെയുള്ള ദ്രാവകം വരുന്നെങ്കിൽ അത് ബാക്ടീരിയൽ വാട്ടമാണെന്ന് ഉറപ്പിക്കാം. രോഗം ബാധിച്ച തോട്ടങ്ങളിൽ രണ്ട് ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരു ലിറ്റർ എന്ന തോതിൽ കലക്കിയതിന് ശേഷം ചെടികളുടെ തണ്ടിനോട് ചേർന്ന് സാവകാശം ഒഴിച്ചു കൊടുക്കണം. ആന്റിബയോട്ടിക്കായ സ്‌ട്രെപ്‌റ്റോമൈസിൻ ഒരു ഗ്രാം അഞ്ച് ലിറ്റർ എന്ന തോതിൽ ചെടികളുടെ ചുവട്ടിൽ തണ്ടിനോട് ചേർന്ന് സാവകാശം ഒഴിച്ചു കൊടുക്കുക. 19-19-19 (എൻ പി കെ മിശ്രിതം) വളം അഞ്ച് ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പത്രപോഷണമായി ഇലകളിൽ നൽകണം.