ചെന്നിത്തലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരം ഒടിഞ്ഞുവീണു: തലനാഴ്രിടക്ക് ജീവനുകൾ രക്ഷപ്പെട്ടു

മാവേലിക്കര: ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള മരം ഒടിഞ്ഞു വീണു. ബുധനാഴ്ച വൈകിട്ട് 5:30 നായിരുന്നു മരം ഒടിഞ്ഞുവീണത്. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നിരവധി പരാതികൾ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നൽകിയിട്ടും ഇത്രയും നാള്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവ സമയത്ത് ഇവിടെ ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മാന്നാർ – മാവേലിക്കര സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മരം വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഭാഗികമായ നാശനഷ്ടം ഉണ്ടായി. വിവരം ലഭിച്ചത് അനുസരിച്ച് മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന, റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കല്ലിമൂട് ജംഗ്ഷനിൽ നിന്ന് വടക്കോട്ട് നീങ്ങുമ്പോൾ വീണ്ടും ചില മരങ്ങൾ ജനങ്ങൾക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. ജനങ്ങൾ ഒരുങ്ങി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അതിന്റെ മുകളിൽ ഇരുന്ന് കാക്കയും മറ്റു പക്ഷികളും കാഷ്ടിച്ച് തലയ്ക്കുo, വസ്ത്രങ്ങളിലുമൊക്കെ പക്ഷിയുടെ കാഷ്ടം വീഴുക പതിവാണ്.

എത്രയും വേഗം അധികാരികൾ ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചില്ലായെങ്കിൽ ജനങ്ങൾ ഉപരോധവുമായി മുമ്പോട്ടു പോകുമെന്നും നാട്ടുക്കാർ പറയുന്നു.


RELATED STORIES