മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവം പുരോഗമന സമൂഹത്തിന് ലജ്ജാകരമായ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണം. കുറ്റക്കാരെ വെറുതെ വിടില്ല. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. അതിനിടെ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നിയമം സര്‍വ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്പോപി ജില്ലയിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. മെയ് 18 ന് സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടാന്‍ 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

RELATED STORIES