അടൂരിൽ ചന്തയിൽ സൂക്ഷിച്ചിരുന്ന 1.25 ല‌ക്ഷം രൂപയുടെ പച്ച മത്സ്യം മോഷ്ടിച്ച കേസിൽ 3 പേരെ അടൂർ പൊലീസ് അറസ്റ്റു ചെയ്തു

അടൂർ സെൻട്രൽ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന മത്സ്യം മോഷ്ടിച്ച കേസിൽ പന്നിവിഴ പുലിക്കണ്ണാൽ വീട്ടിൽ ശ്രീജിത്ത് (40), അടൂർ കണ്ണങ്കോട് ചാവടിതെക്കേതിൽ അനിൽകുമാർ (മണി–43), പന്നിവിഴ മംഗലത്തു വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

സെൻട്രൽ മാർക്കറ്റിലെ കച്ചവടത്തിനായി ഇവിടെയുള്ള കടമുറിയിൽ സൂക്ഷിച്ചിരുന്ന അടൂർ കണ്ണങ്കോട് കൊച്ചയ്യത്ത് നാസറുദ്ദീന്റെ മത്സ്യമാണ് കഴിഞ്ഞ 12ന് പുലർച്ചെ മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി പരിശോധിച്ചതിൽ സംശയം തോന്നിയ വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾ മത്സ്യം കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയിലാണെന്ന് കണ്ടെത്തിയത്.

തുടർന്നാണ് ശ്രീജിത്തിനെയും അനിലിനെയും കസ്റ്റഡിയിൽ എടുത്തത്. ഇതറിഞ്ഞ് ഒളിവിൽ പോയ വിഷ്ണുവിനെ തിങ്കളാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. ശ്രീജിത്തും അനിലും അടൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ആർ. ജയരാജ്, ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ്, ശ്യാംകുമാർ, അനസ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മത്സ്യം കടത്തിക്കൊണ്ടു പോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.

RELATED STORIES