നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി
Reporter: News Desk 25-Jul-20231,697
കഴിഞ്ഞ രണ്ടു മാസത്തിനിടെ പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് അനിയന്ത്രിത വിലവര്‍ധനയാണ് ഉണ്ടായത്. വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 3400 കോടിയോളം രൂപയുടെ ബാധ്യതയുള്ള സപ്ലൈകോ ഓണക്കാലത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും നടക്കുന്നില്ല. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയില്‍ ലഭ്യമല്ല. ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കടല, വന്‍പയര്‍, ചെറുപയര്‍ തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. പല സ്റ്റോറുകളിലും അരിക്കും ക്ഷാമമുണ്ട്. വിതരണക്കാര്‍ക്ക് 3 മാസമായി പണം നല്‍കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം.
ജനങ്ങളുടെ നട്ടെല്ല് ഒടിക്കുന്ന വിധമാണ് കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത്. ആര്‍ഭാടത്തിലും ധൂര്‍ത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനോ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ല. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഓണക്കാലത്ത് മുടങ്ങാതെ നല്‍കിവന്നിരുന്ന കിറ്റു വിതരണം എല്ലാവര്‍ക്കും ഇത്തവണ നല്‍കില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കി.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.