വിലക്കയറ്റത്തെ തുടര്‍ന്ന് അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞിരിക്കുകയാണ് യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങള്‍ ; അരി വാങ്ങാൻ വൻതിരക്ക്

യുഎസ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അരി വാങ്ങിക്കൂട്ടാന്‍ വന്‍തിരക്കാണ്. ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ ഈ മാസം 20 മുതല്‍ നിരോധിച്ചത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ ലഭ്യതകുറയുമെന്നും വിലക്കയറ്റമുണ്ടാകുമെന്നും ഭയന്നാണ് ആളുകള്‍ അരി വാങ്ങിക്കൂട്ടുന്നത്. ഇതിനോടകം തന്നെ യുഎസിലെ ഇന്ത്യന്‍ വംശജരുള്‍പ്പെടെയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അരിവാങ്ങാന്‍ തിരക്കുകൂട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസില്‍ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് കൂടുതല്‍ തിരക്ക്. പല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുന്‍പിലും വലിയ നിര രൂപപ്പെട്ടു. ടെക്‌സസ്, മിഷിഗന്‍, ന്യൂജഴ്‌സി എന്നിവിടങ്ങളാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഇതോടെ ഒരാള്‍ക്ക് ഒരു ചാക്ക് അരി എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി. 9 കിലോ വരുന്ന ഒരു ചാക്ക് അരിക്ക് 27 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ ആളുകള്‍ പരിഭ്രാന്തരായി അരിവാങ്ങിക്കൂട്ടി വയ്‌ക്കേണ്ടതില്ലെന്നും അരി കയറ്റുമതി യുഎസിനെ കാര്യമായി ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ആഗോളവിപണിയിലേക്ക് ഏറ്റവും അധികം അരി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. ആഗോള വിപണിയിലെത്തുന്ന അരിയില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. മഴക്കെടുതിയും വിളനാശവും മൂലമാണ് ഇന്ത്യയില്‍ ഉല്‍പാദനം കുറഞ്ഞത്. അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ ആഫ്രിക്ക, ഏഷ്യ വന്‍കരകളിലെ രാജ്യങ്ങളിലും അരിയുടെ ലഭ്യത കുറയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

RELATED STORIES