ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ അതീതമായ ശക്തികൾ പ്രവർത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നൽകിയത്. ആ ഉപജാപക സംഘത്തിന്റെ നേതാവ് ഇപ്പോൾ ജയിലിലാണ്. ഇപ്പോൾ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

RELATED STORIES