ഇന്ത്യയില്‍ സാമ്പത്തീക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയവരില്‍ നിന്നും സര്‍ക്കാര്‍ ഇതുവരെ 15,000 കോടി രൂപ തിരിച്ചുപിടിച്ച് ബാങ്കുകള്‍ക്ക് നല്‍കിയതായി വെളിപ്പെടുത്തല്‍

വിജയ്മല്യയും നീരവ് മോദിയും അടക്കം സാമ്പത്തീക കുറ്റകൃത്യങ്ങളില്‍ പേരുചേര്‍ക്കപ്പെട്ട 19 വമ്പന്മാരില്‍ നിന്നും ഇതിനകം 15,113 കോടി രൂപ പിടിച്ചെടുത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചത്.

മല്യ, മോദി, നിതിന്‍ ജയന്തിലാല്‍ സന്ദേശര, ചേതന്‍ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതന്‍ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമന്‍, ഹാജ്റ ഇഖ്ബാല്‍ മേമന്‍, ആസിഫ് ഇക്ബാല്‍ മേമന്‍, രാമചന്ദ്രന്‍ വിശ്വനാഥന്‍ എന്നീ പത്തുപേരുടെ കാര്യമാണ് പറഞ്ഞത്.

ഇവരെല്ലാം ചേര്‍ന്ന് 40000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് കണക്കാക്കപ്പെടുന്നത്. മറ്റ് ഒമ്പത് പേര്‍ക്കെതിരെ 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് (എഫ്ഇഒഎ) പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജെലാറ്റിന്‍ ഉല്‍പ്പാദകനായിരുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള ഫാര്‍മ ഭീമനായ സ്റ്റെര്‍ലിംഗ് ബയോടെക്കില്‍ സന്ദേശരസും ഹിതേഷ് കുമാര്‍ പട്ടേലും പങ്കാളികളായിരുന്നു. ഇവര്‍ പിന്നീട് പാപ്പരാകുകയും കമ്പനി നഷ്ടത്തിലാകുകയും ചെയ്തതോടെ യുഎസ് ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പായ പെര്‍ഫെക്റ്റ് ഡേ ഇത് ഏറ്റെടുക്കുകയായിരുന്നു.

ജുനൈദ് മേമന്‍, ഹാജ്റ മേമന്‍, ആസിഫ് മേമന്‍ എന്നിവര്‍ ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന പ്രശസ്ത മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ കുടുംബാംഗങ്ങളാണ്.

ദേവാസ് മള്‍ട്ടിമീഡിയയുടെ രാമചന്ദ്രന്‍ വിശ്വനാഥനും പട്ടികയിലുണ്ട്. എന്നിരുന്നാലും 19 ല്‍ നാലുപേര്‍ ഇപ്പോള്‍ പുറത്താണ്. എന്നാല്‍, 19 പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ ഇന്ത്യയില്‍ എത്തിക്കാനായത് നാലുപേരെ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES