പല രോഗാണുവിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്) റിപ്പോർട്ട്

ഡോക്ടർമാരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. കാർസാപ് 2022ന്റെ റിപ്പോർട്ട് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

സംസ്ഥാനത്തെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതിനനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമാണ് 2022ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മതിയായ കുറിപ്പടികൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുവാൻ ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് ശക്തമാക്കാൻ നിർദേശം നൽകി.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ യോഗത്തിൽ പ്രഖ്യാപിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗംമൂലം ലഭിക്കുന്ന പ്രതിരോധശേഷിയാണ് ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്. ഇത് അണുബാധ ചികിത്സിച്ച് ഭേദമാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. ബ്ലോക്ക് ലെവൽ എഎംആർ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും ഊർജിതപ്പെടുത്താനുംവേണ്ടി ഉടൻ സർക്കാർ മാർഗനിർദേശവും പുറത്തിറക്കും. ഇത്തരത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യക്കൃഷി തുടങ്ങിയവയിലും അശാസ്ത്രീയ ആന്റിബയോട്ടിക് ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡ്വൈസർ ഡോ. എം സി ദത്തൻ, ഫുഡ് സേഫ്റ്റി കമീഷണർ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഡബ്ല്യുഎച്ച്ഒ പ്രതിനിധി (ടെക്നിക്കൽ ഓഫീസർ ഫോർ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്) ഡോ. അനുജ് ശർമ, ലോകബാങ്ക് പ്രതിനിധി ഡോ. സതീഷ് ചന്ദ്രൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, എഎംആർ സർവയലൻസ് നോഡൽ ഓഫീസർ ഡോ. സരിത, കർസാപ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ, വർക്കിങ് കമ്മിറ്റി കൺവീനർ ഡോ. അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED STORIES