പത്തനംതിട്ട കുന്നന്താനം പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഗവൺമെൻ്റ് സ്കൂളിൽ ആരംഭിച്ചു
Reporter: News Desk 04-Aug-20231,767
മല്ലപ്പള്ളി : ഭാഷയിലും ഗണിതത്തിലും അടിസ്ഥാന ശേഷിയിൽ പരിമിതിയുള്ള യു.പി. വിഭാഗം കുട്ടികളെ കണ്ടെത്തി അധിക പഠനസമയവും പിന്തുണയും നൽകി അവരെ മുൻനിരയിൽ എത്തിക്കാനുതകുന്ന കരുതൽ 2023 പദ്ധതിയാണ് പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഗവൺമെൻ്റ് സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്.
കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ 1000 സ്കൂളുകളിലും പത്തനംതിട്ട ജില്ലയിൽ 57 സ്കൂളുകളിലും മല്ലപ്പള്ളി ഉപജില്ലയിൽ 6 സ്കൂളുകളിലുമാണ് "കരുതൽ 2023 വിദ്യാലയ മികവിന് കെ. എസ്. ടി. എ. പിന്തുണ നൽകി പരിപാടി നടപ്പാക്കുന്നത്.
അടിസ്ഥാന ഭാഷാ ശേഷികളും ഗണിതശേഷികളും ആർജിക്കാത്തവരിൽ ഏറെയും സാമൂഹിക സാമ്പത്തിക ആരോഗ്യ വൈകാരിക പരിമിതികൾ അനുഭവിക്കുന്ന കുട്ടികളാണ് എന്നത് ഗൗരവതരമാണ്.
30 ദിവസത്തെ അധിക പഠന പിന്തുണയാണ് ഉറപ്പാക്കുന്നത്. ഒക്ടോബർ മാസം ശാസ്ത്ര, ചരിത്ര വിഷയങ്ങളെ അടിസ്ഥാനമാക്കി സഹവാസക്യാമ്പ് സംഘടിപ്പിക്കും.
സ്കൂൾ തലത്തിൽ ജനപ്രതിനിധികൾ രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, പൂർവാധ്യാപകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനകീയ സമിതികളും രൂപീകരിക്കും.
മല്ലപ്പള്ളി ഉപജില്ലാ തല . ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എസ് വി സുബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്കാദമിക കോ- ഓർഡിനേറ്ററും കുന്നന്താനം ഡി വി എൽ പി സ്കൂൾ അദ്ധ്യാപകനുമായ ഫ്രെഡി പോൾ മുഖ്യ പ്രഭാഷണം നടത്തി. മല്ലപ്പള്ളി ബി പി സി ജാസ്മിൻ വി , ഹെഡ്മാസ്റ്റർ ജയ്മോൻ ബാബുരാജ്, അദ്ധ്യാപിക കാർത്തിക എസ് നായർ, എസ് എം സി ചെയർമാൻ പി ടി ഷിനു, പി ടി സുഭാഷ് എന്നിവർ സംസാരിച്ചു.