നേഴ്സിന്റെ വേഷം ധരിച്ച് കുത്തിവച്ചു കൊലപ്പെടുത്താനെത്തിയ യുവതി പൊലീസ് പിടികൂടി

പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് ആശുപത്രിലാണ് വധശ്രമം ഉണ്ടായത്. കായംകുളം സ്വദേശി അനുഷ (25യാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ കേസെടുത്തു.

ഇവര്‍ നാലു ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. നേഴ്‌സിന്റെ വേഷംധരിച്ച് ആശുപത്രിയിലെത്തിയ അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തതായാണ് വിവരം. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

ആശുപത്രിയില്‍ യുവതി കിടന്നിരുന്ന മുറിയില്‍നിന്ന് അനുഷ ഇറങ്ങിപ്പോകുന്നതുകണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തി. പിന്നീട് പുളിക്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുത്തിവയ്പ്പിലൂടെ രക്തധമനികളില്‍ വായു കടക്കുന്നതോടെ ഉണ്ടാകുന്ന 'എയർ എംബോളിസം' എന്ന അവസ്ഥ ഹൃദയാഘാതത്തിന് കാരണമാകാം. ഇതു മനസിലാക്കിയാവാം ഫാര്‍മസിസ്റ്റ് കുടിയായ അനുഷ കൊലപാതകത്തിന് ശ്രമിച്ചത്. പ്രതിയുടെ കൈയില്‍നിന്ന് സിറിഞ്ചും പോലീസ് പിടികൂടിയിട്ടുണ്ട്.

RELATED STORIES