വികസനത്തോടൊപ്പം സഹതാപതരംഗത്തെ തടയാനുമുള്ള പ്രചാരണ തന്ത്രം പുതുപ്പള്ളിയില്‍ ഒരുക്കാന്‍ സി.പി.എം
Reporter: News Desk 12-Aug-20231,606
ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങളാണു അണിയറയില്‍ മെനയുന്നത്. ഈ ഉദ്ദേശ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോള്‍ സി.പി.എം. ഉയര്‍ത്തുന്നതും.
അതേസമയം തന്നെ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒന്നും പ്രചാരണത്തിലുണ്ടാകാന്‍ പാടില്ലെന്നും സി.പി.എം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സി.പി.എമ്മിന്റെ ആരോപണത്തെ കുടുംബത്തെ അപമാനിക്കലായി മാറ്റി തിരിച്ചടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗം മേല്‍െകെ നേടാതിരിക്കുകയെന്നതിലാണു സി.പി.എം. ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ ഉന്നയിച്ച പരാതി തന്നെ പ്രചാരണത്തിനു ഉപയോഗിക്കാനുള്ള നീക്കവും ആരംഭിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് അസുഖമായിരുന്ന വേളയില്‍ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. പ്രത്യേകിച്ചും ഇപ്പോഴത്തെ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നത്.
അത് പരമാവധി പ്രചരിപ്പിക്കാനാണ് നീക്കം. അതിനായി അദ്ദേഹം അന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ഇതിനെ അതേ നാണയത്തില്‍ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും തീരുമാനം.
ജീവിച്ചിരുന്നപ്പോള്‍ മുമ്പ് ഉമ്മന്‍ചാണ്ടിയെ പീഡിപ്പിച്ചവര്‍ മരണത്തിനു ശേഷവും അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വെറുതെ വിടുന്നില്ലെന്ന തരത്തിലായിരിക്കും കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുക. കഴിഞ്ഞദിവസം എ.കെ. ആന്റണി തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടിയെ സി.പി.എം. വല്ലാതെ പീഡിപ്പിച്ചുവെന്ന പ്രചാരണം ശക്തമാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. സി.പി.എം. തന്ത്രം മാറ്റിപ്പിടിച്ച സാഹചര്യത്തില്‍ അതും ഇതിനായി വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ തന്നെയാണ് നീക്കം.
അതുപോലെ മറ്റ് കാര്യങ്ങളെക്കാളേറെ പുതുപ്പള്ളി മണ്ഡലത്തിലെ വികസനങ്ങള്‍ ചര്‍ച്ചയാക്കാനും സി.പി.എം. ശ്രമം ആരംഭിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി അതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
ഡോ: തോമസ് ഐസക്കിനെപ്പോലുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതും. സഹതാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു പകരം ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിനെകൊണ്ട് മറുപടി പറയിപ്പിക്കുകയെന്നതാണ് ആവിഷ്‌ക്കരിക്കുന്ന തന്ത്രം. അങ്ങനെ വിഷയം മാറ്റികൊണ്ടുപോയി പിടിച്ചുനില്‍ക്കാനുള്ള തന്ത്രത്തിനാണ് സി.പി.എം. രൂപം നല്‍കുന്നത്.