അരിക്കൊമ്പനെ നാട് കടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെലവായ കണക്കില്‍ അവ്യക്തത

വിവരാവകാശ നിയമപ്രകാരം ചെലവ് തരംതിരിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നല്‍കിയത് 4.65 ലക്ഷത്തിന്റെ കണക്കുമാത്രം. ബാക്കി 16 ലക്ഷത്തോളം രൂപ വിവിധ ഇനങ്ങളില്‍ ചിലവായി എന്നാണ് വനംവകുപ്പ് പറയുന്നത്.

ചിന്നക്കനാലില്‍നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ എത്തിച്ചതിന് ലക്ഷങ്ങളാണ് സര്‍ക്കാര്‍ വക ചെലവ്. എന്നാല്‍ കണക്കുകളില്‍ ഇപ്പോഴും വ്യക്തതയില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 21,38,367 രൂപ ചെലവായെന്നാണ് വനം വകുപ്പ് പറയുന്നത്. ചെലവായ ആകെ തുക തരംതിരിക്കാമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. ആനക്കൂട് നിര്‍മാണത്തിന് മരങ്ങള്‍ മുറിച്ചതിന് ചെലവ് 1,83,664 രൂപ, കൂട് നിര്‍മാണത്തിന് 1,81,828. ദ്രുതകര്‍മസേനക്ക് നല്‍കിയ അഡ്വാന്‍സ് തുക ഒരു ലക്ഷം. ഇങ്ങനെ 4,65,492 രൂപയുടെ കണക്ക് മാത്രം.

15,85,555 രൂപ വിവിധ ഇനത്തില്‍ ചെലവായെന്നുള്ള കണക്ക് പ്രത്യേകം പറയുന്നുണ്ട്. പക്ഷേ ആ വിവിധ ഇനം എന്താണ് എന്നത് വനംവകുപ്പ് വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അരിക്കൊമ്പന്‍ ദൗത്യത്തിന്റെ കണക്കും കൃത്യമല്ലന്നാണ് ആക്ഷേപം. വനം വകുപ്പിന്റേതുള്‍പ്പടെ നാല്‍പ്പതോളം ജീവനക്കാര്‍ നടത്തിയ ദൗത്യത്തിന് കൃത്യമായ കണക്ക് സര്‍ക്കാരിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

RELATED STORIES