വൈദ്യുതി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കഴിഞ്ഞ 2 വർഷങ്ങളിൽ ഇതേ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോർഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്. നിരക്കുവർധനയിലൂടെ ഈ ഭാരം ജനങ്ങളുടെ ചുമലിലേക്കു വരുമെന്നും ഉറപ്പായി.

പ്രശ്നം ചർച്ച ചെയ്യാൻ നാളെ 4നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്. നിരക്കു കൂട്ടുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ പിൻവലിച്ചാൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ നിരക്കു കൂട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും. അടുത്ത 4 വർഷത്തേക്കുള്ള നിരക്ക് തീരുമാനിക്കാനുള്ള ഹിയറിങ്, കമ്മിഷൻ നേരത്തേ പൂർത്തിയാക്കി ഉത്തരവ് ഇറക്കാനിരിക്കെയാണ് സ്റ്റേ വന്നത്. ഈ സാഹചര്യത്തിൽ നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബർ 30 വരെയോ കേസ് തീർപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് വരുന്നതു വരെയോ തുടരാനാണു തീരുമാനം.

കാലവർഷം തുടങ്ങി രണ്ടര മാസമായിട്ടും കാര്യമായി മഴ ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജൂണിൽ ദിവസേന 7–8 കോടി രൂപയുടെ വരെ വൈദ്യുതി വാങ്ങി. ജൂലൈയിൽ മഴ ലഭിച്ചതിനാൽ 5–6 കോടിയായി കുറഞ്ഞു. വില കുറഞ്ഞ ജലവൈദ്യുതിയുടെ ഉൽപാദനം കുറയുമ്പോൾ പകരം വാങ്ങേണ്ടിവരുന്നത് വില കൂടിയ വൈദ്യുതിയാണ്. ഈ അധിക തുക ഉപയോക്താക്കളിൽനിന്നു സർചാർജായി ഈടാക്കുകയാണു ചെയ്യുക. എന്നാൽ, ഇപ്പോൾ തന്നെ യൂണിറ്റിന് 19 പൈസ സർചാർജ് വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തു വേണമെന്നു ചർച്ച ചെയ്യുന്നതിനാണ് മന്ത്രിയുടെ യോഗം.

RELATED STORIES