ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ പത്മനാഭന്റെ പാദം ആദ്യം വണങ്ങത്തക്ക രീതിയില്‍ നാളെ മുതല്‍ ദര്‍ശനക്രമത്തില്‍ മാറ്റം

ഒരു സമയം രണ്ടു ദിശകളില്‍ ഭക്തര്‍ സഞ്ചരിക്കുന്നതു കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ പ്രതിഷ്ഠകളും വണങ്ങാനുമുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം. തന്ത്രി തരണനല്ലൂര്‍ എന്‍.പി. ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് മാറ്റം.

നാലു ദിക്കുകളിലൂടെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. ശേഷം വലത്തേക്കു തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങള്‍ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലില്‍ പ്രവേശിക്കും. ആദ്യം ശ്രീ രാമസ്വാമിയുടെ ദര്‍ശനം. തുടര്‍ന്ന് വിശ്വക് സേനനെ തൊഴുതശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറണം. ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂര്‍ത്തിയെ വണങ്ങി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ആദ്യം നരസിംഹ മൂര്‍ത്തിയെ വണങ്ങിയ ശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതാണ് നിലവിലെ രീതി.

അര്‍ച്ചന, പ്രസാദം തുടങ്ങിയവ പുറകിലുള്ള മണ്ഡപത്തില്‍ വിതരണം ചെയ്യാനുമാണ് ഭരണസമിതിയുടെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി. മഹേഷ് അറിയിച്ചു.

RELATED STORIES