ഓടുന്ന കാറുകള്‍ക്കു തീപിടിക്കുന്ന സംഭവങ്ങളില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം വാകത്താനം സ്വദേശി സാബു കാര്‍ കത്തി മരിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പ് ആലപ്പുഴ മാവേലിക്കരയില്‍ മുപ്പത്തഞ്ചു വയസുകാരന്‍ കൃഷ്ണപ്രകാശും കാര്‍ കത്തി മരിച്ചു. ഈ സംഭവത്തില്‍ ഫോറന്‍സിക് സംഘം വാഹനത്തിനകത്ത് സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

സമീപകാലത്തു തീപിടിച്ചതില്‍ മിക്കതും പുതിയ വാഹനങ്ങളാണ്. വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ മുതല്‍ അകത്ത് സൂക്ഷിക്കുന്ന പെര്‍ഫ്യൂം വരെ തീപിടിത്തത്തിനു കാണമാകുന്നുവെന്നാണു വിലയിരുത്തല്‍. വാഹനങ്ങള്‍ക്കുള്ളില്‍ സുഗന്ധം നിറയ്ക്കുന്നതിനും മറ്റും വയ്ക്കുന്ന എയര്‍ പ്യൂരിഫയര്‍ പോലുള്ളവയും പെട്ടെന്ന് തീപിടിക്കുന്നവയാണ്. പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനങ്ങള്‍ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പ് ആരും മുഖവിലയ്‌ക്കെടുക്കാറില്ല.

എല്‍.പി.ജി പോലുള്ള ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ചോര്‍ച്ചാസാധ്യത കൂടുതലാണ്. പഴയ പെട്രോള്‍ വാഹനങ്ങള്‍ ഗ്യാസിലേക്ക് മാറ്റുമ്പോഴും ഇന്ധനചോര്‍ച്ചയാണ് പ്രധാന വില്ലന്‍. ഇത്തരം വാഹനങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ പരിചരണം അനിവാര്യമാണ്. വാഹനം അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ പരിശോധിച്ച് പരിഹാരം കാണണം.

ഫ്യൂസ് എരിഞ്ഞമര്‍ന്നാല്‍ സ്വയം നന്നാക്കുന്നത് ഒഴിവാക്കി യഥാര്‍ഥ പ്രശ്‌നം കണ്ടെത്തണം. വാഹനത്തിന്റെ വയറിങ്ങും ഫ്യൂസും മാറ്റുമ്പോള്‍ കൃത്യമായ ഗേജിലും ഇന്‍സുലേഷനിലും ഉള്ളവതന്നെയെന്ന് ഉറപ്പുവരുത്തണം, ചൂട് കൂടുകയോ പുക ഉയരുന്നതോ കണ്ടാല്‍ വാഹനം ഓഫാക്കി സുരക്ഷിതമായ സ്ഥലത്തേക്ക് പെട്ടെന്ന് മാറണം തുടങ്ങിയവയാണ് ഈ രംഗത്തെ വിദഗ്ധരുടെ സുരക്ഷ നിര്‍ദേശങ്ങള്‍.

RELATED STORIES