കാലിൽ ഞരമ്പ് മാറി മുറിച്ചതിനാൽ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ദുരിതത്തിൽ
Reporter: News Desk 21-Aug-20231,589
വയനാട് പേര്യ 36 ടവർ കുന്നിലെ ഊരാച്ചേരി ഹാശിം (38) ആണ് വലത് കാൽ ശസ്ത്രകിയക്കിടെ ഡോക്ടർമാരുടെ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് ദുരിതം പേറുന്നത്. വലതുകാലിലെ വെരിക്കോസ് വെയിൻ രോഗത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഹാശിമിനെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
തൊട്ടടുത്ത ദിവസം വലത് കാലിന് മൂന്ന് ഡോക്ടർമാർ ചേർന്ന് സർജറി നടത്തി. രാത്രിയോടെ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി തവണ വേദനസംഹാരി ഇഞ്ചക്ഷൻ നൽകിയെങ്കിലും വേദന കുറഞ്ഞില്ല. നാലാം തീയതി രാവിലെ സർജറി വിഭാഗത്തിലെ ഡോക്ടർ പരിശോധന നടത്തുകയും കാലിലെ കെട്ട് അഴിച്ചു മാറ്റുകയും അടിയന്തരമായി ഹാശിമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹാശിമിനെ കോഴിക്കോട് എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടർ പരിശോധനയിലാണ് മാനന്തവാടി മെഡിക്കൽ കോളജിൽ നടത്തിയ വലത് കാലിലെ ശസ്ത്രക്രിയയിൽ വൻ പിഴവാണ് വരുത്തിവെച്ചത് എന്ന് കണ്ടെത്തിയത്.
വലത് കാലിലെ വെരിക്കോസ് വെയിൻ ബാധിച്ച ഞരമ്പിന് പകരം ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഞരമ്പാണ് എടുത്ത് മാറ്റിയതെന്ന് പരിശോധനയിൽ മനസ്സിലായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് രണ്ട് സർജറി നടത്തിയിട്ടും യാതൊരു മാറ്റവുമില്ലാത്തതിനാൽ ഫെബ്രുവരി 20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ചികിത്സാ ചെലവുകൾ നാട്ടുകാരും ഡോക്ടർമാരും ചേർന്നാണ് വഹിച്ചത്. ജൂൺ രണ്ടിന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ഒരു മാസം ചികിത്സ തേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. നാല് ആശുപത്രികളിലായി അഞ്ച് മാസത്തിലേറെ ചികിത്സ തേടുകയും കാലിന് പന്ത്രണ്ട് ശസ്‌ത്രക്രിയകൾ നടത്തിയെങ്കിലും മുട്ടിന് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിലാണുള്ളത്.
പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകനായ ഹാഷിം വയറിംഗ് ജോലി ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പിതാവ് അബ്ദുല്ലയും മാതാവ് മറിയവും ഭാര്യ സാബിറയും മക്കളായ പ്ലസ്ടു വിദ്യാർഥിനി ഹസന ഷെറിൻ, അഞ്ചാം ക്ലാസ്സ് വിദ്യാർഥി ബിശറുൽ ഹാഫി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഹാശിമാണ്. 12 സെന്റ്ഭൂമിയിൽ വീട് നിർമിച്ച വകയിൽ ഏഴ് ലക്ഷം രൂപ കടബാധ്യതക്കാരനാണ്. കൊല്ലം ദി സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റർപോസ്റ്റിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ അഞ്ചാം റാങ്കുകാരനാണ് ഹാശിം. എന്നാൽ സർജറിയെ തുടർന്ന് വലത് കാലിന്റെ മുട്ടിന് താഴെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഈ ജോലി ലഭിക്കാൻ സാധ്യതയും കുറവാണ്. നഷ്ടപരിഹാരവും, ഒരു ജോലിയും നൽകണമെന്ന് കാണിച്ച് ഹാശിം മുഖ്യമന്ത്രി, ഗവർണർ, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കലക്ടർ, ഡി എം ഒ, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.