മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ മൃഗസംരക്ഷണ വകുപ്പ് താത്ക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടുവെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
Reporter: News Desk 22-Aug-20232,426

രാഷ്ട്രീയമായ വൈരാഗ്യത്തിന്റെ, അസഹിഷ്ണുതയുടെ പേരിലാണ് സര്‍ക്കാര്‍ സതിയമ്മയുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നത്. കേരളം ഭരിക്കുന്നത് മനഃസാക്ഷിയില്ലാത്ത സര്‍ക്കാരാണ്. സാങ്കേതികത്വമല്ല, മനുഷത്വമാണ് കാണിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. ദയയും മനസാക്ഷിയുമില്ലാത്ത ഒരു സര്‍ക്കാരാണല്ലോ നാട് ഭരിക്കുന്നത്. അവരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണം. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ യുഡിഎഫ് അനുവദിക്കില്ല.
ഇന്നലെവരെ ജോലി ചെയ്തിരുന്ന സതിയമ്മയെ പിരിച്ചുവിടാന്‍ ഇപ്പോഴുണ്ടായ കാരണമെന്താണ്. താന്‍ മന്ത്രി ചിഞ്ചുറാണിയോട് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് പറയുന്നത്. മന്ത്രി പറയുന്നത് അവര്‍ ജോലി ചെയ്യുന്നില്ലെന്നാണ്. ജോലി ചെയ്യാത്ത ആളെ എങ്ങനെയാണ് പിരിച്ചുവിടുന്നത്. നാളെ ഇങ്ങനെയൊരാള്‍ ഇല്ലെന്ന് വരെ അവര്‍ പറയും. ഇവിടെ സ്വീപ്പറായി സതിയമ്മ ജോലി ചെയ്‌തോ ഇല്ലയോ എന്ന ഡോക്ടര്‍ പറയട്ടെ.
സാങ്കേതികത്വം മാറ്റിവച്ച് അവരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണം. ഉമ്മന്‍ ചാണ്ടി സാങ്കേതികത്വം മാറ്റിവച്ച് പ്രവര്‍ത്തിച്ചയാളാണ്. കുടുംബം നോക്കിയ ഒരു അമ്മയാണ് അവര്‍. അവരോട് മനുഷ്യത്വപരമായി പെരുമാറണം.
സതിയമ്മയെ പിരിച്ചുവിട്ടത് മാധ്യമസൃഷ്ടിയാണെന്ന സിപിഎം ആരോപണത്തെയും വി.ഡി സതീശന്‍ പരിഹസിച്ചു. മാസപ്പടി പുറത്തുകൊണ്ടുവന്ന ആദായ നികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഉത്തരവും മാധ്യമസൃഷ്ടിയാണെന്നാണ് സിപിഎം പറഞ്ഞത്.
ഇത് സ്റ്റാലിന്റെ റഷ്യയല്ല. പിണറായി വിജയന്‍ സ്റ്റാലിന്‍ ചമയണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. സതിയമ്മയ്ക്ക് നീതികിട്ടുന്നത് വരെ യുഡിഎഫ് സത്യാഗ്രഹം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മൃഗാശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നത് കുടുംബശ്രീയില്‍ നിന്നുള്ള പട്ടിക അനുസരിച്ചാണ്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജിജിമോള്‍ എന്നയാളുടെ പേരാണ് ഐശ്വര്യ കുടുബശ്രീ നല്‍കിയിരുന്നത്. ജിജിമോളുടെ അക്കൗണ്ടിലാണ് ശമ്പളവും നല്‍കിയിരുന്നത്. അവിടെ സതിയമ്മ എങ്ങനെയാണ് ജോലി ചെയ്തതെന്നും ശമ്പളം വാങ്ങിയതെന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.