മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍

ഡിടിപിസിയുടെ ഓഫീസിന് പിന്‍വശത്തും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പദ്ധതികളാണ് ഓണത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്.

ഓണത്തോട് അനുബന്ധിച്ച് പഴയമൂന്നാറിലെ ടൂറിസം വകുപ്പിന്റെ റിവര്‍ വാക്ക്‌ വേ വിനോദസഞ്ചാരികള്‍ക്ക് താത്കാലികമായി തുറന്നുനല്‍കും. ഇത്തവണ ഓണത്തോട് അനുബന്ധിച്ച് നിരവധി സഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാട്ടുപ്പെട്ടി, ടോപ്‌ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങള്‍ കണ്ടു മടങ്ങിവരുന്ന സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചിലവഴിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡിടിപിസി ഓഫീസിന്റെ പിന്‍വശത്തും ബോട്ടാണിക്കല്‍ ഗാര്‍ഡനിലുമായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഡിടിപിസി ഓഫീസിലെ പിന്‍വശത്ത് വൈകുന്നേരങ്ങളില്‍ സഞ്ചാരികള്‍ക്ക് നടക്കുവാനും സമയം ചെലവഴിക്കാനുമായി മുതിരപ്പുഴ ബാങ്ക് ബ്യൂട്ടിഫിക്കേഷന്‍ എന്ന പേരില്‍ 450 മീറ്ററോളം നടപ്പാതയും ഇരിപ്പടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും ഇവിടെ സജ്ജമാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഓണത്തോടനുബന്ധിച്ച് 26 തീയതി മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഗാനസദ്യ ഡി.ജെ, മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്കായി ആരംഭിക്കും.

മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ദേവികുളം എംഎല്‍എ അഡ്വ എ രാജ പറഞ്ഞു. ദേവികുളം റോഡില്‍ ഡിടിപിസിയുടെ അഞ്ചേക്കര്‍ സ്ഥലത്താണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വിദേശത്തു നിന്ന് എത്തിച്ചവ അടക്കം ആയിരക്കണക്കിന് പൂക്കളും ചെടികളുമാണ് ഇവിടെയുള്ളത്. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.

RELATED STORIES