വന്‍ തുകകള്‍ വായ്പ നല്‍കുന്നതു വിവാദമായതോടെ തിരക്കിട്ട് പാര്‍ട്ടി ഇടപെടല്‍
Reporter: News Desk 25-Aug-20231,678
കരുവന്നൂര്‍ വായ്പാ വിവാദത്തില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ വന്നതോടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ചു കുറിപ്പയച്ചത്.
ബാങ്കുകള്‍ അമിതമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുള്ള വായ്പകള്‍ ഭൂരിപക്ഷവും തിരിച്ചുപിടിച്ചില്ലെന്നു ജീവനക്കാരുടെ സംഘടനകള്‍ തന്നെ പരാതിപ്പെട്ടിരിക്കുകയാണ്. 10 ലക്ഷം രൂപവരെ വായ്പയെടുത്തശേഷം ഒറ്റത്തവണപോലും തിരിച്ചടയ്ക്കാത്തവരുണ്ട്. അടിയന്തരമായി സി.പി.എം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് അതാതു പ്രദേശത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണ് നിര്‍ദേശം.
ഇതിനിടെ, കോവിഡ്കാലത്ത് ചികിത്സാസഹായം എന്ന നിലയില്‍ അര്‍ഹരല്ലാത്തവര്‍ക്കുപോലും പ്രാഥമിക സഹകരണ സംഘങ്ങള്‍ വായ്പ നല്‍കി. രണ്ടായിരം മുതല്‍ 5000 രൂപവരെ വാങ്ങിയവര്‍ പലരും അനര്‍ഹരാണ്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ നല്‍കി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് കണ്ടുപിടിക്കുമ്പോള്‍ ഡയറകട്ര്‍ ബോര്‍ഡ് അംഗങ്ങള്‍ ജീവനക്കാര്‍ക്കാരെ ബലിയാടാക്കുന്നതിനുപകരം വായ്പനല്‍കാന്‍ ശുപാര്‍ശചെയ്യുന്ന ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് തുക വസൂലാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ കരുവന്നൂരിലെ ജീവനക്കാര്‍ തന്നെ മൊഴി കൊടുത്തതും പാര്‍ട്ടി ഗൗരവമായെടുത്തിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ ഉടനെ കുടിശിക തീര്‍ത്ത് കണക്കുകള്‍ കൃത്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടിയിലെ വിഭാഗീയതയും ആക്ഷേപങ്ങള്‍ പലതും പുറത്തുവരാന്‍ ഇടയാക്കിയിട്ടുണ്ട്.