പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

ജയ്പുർ: രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാർ‌ത്ഥികളുടെ ആത്മഹത്യ. പരീക്ഷയിൽ മർക്ക് കുറഞ്ഞതി​ന്റെ പേരിൽ അഞ്ച് മണിക്കൂറി​ന്റെ വ്യത്യസത്തിൽ രണ്ട് വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്ര ലാത്തൂർ സ്വദേശി ആവിഷ്കാർ സംഭാജി കാസ്‌ലെ (16), ബിഹാർ സ്വദേശി ആദർശ് (18) എന്നിവരാണു മരിച്ചതെന്ന് എഎസ്‌പി ഭഗവത് സിങ് ഹിങ്ങാദ് പറഞ്ഞു.മൂന്നു വർഷമായി നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ആവിഷ്കാർ. ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നോടെയാണ് പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് ചാടി ആവിഷ്കാർ ജീവനൊടുക്കിയത്.

സഹോദരനും സഹോദരിക്കുമൊപ്പം നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു ആദർശ്. രാത്രി ഏഴോടെ താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പരീക്ഷകളിൽ തുടർച്ചയായി കുറവ് മാർക്കാണ് ആദർശിനു കിട്ടിയിരുന്നതെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവരെക്കൂടാതെ, ഈ വര്‍ഷം മാത്രം കോട്ടയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണു ജീവനൊടുക്കിയത്.

തുടർച്ചയായി വിദ്യാര്‍ഥികൾ ജീവനൊടുക്കുന്നതിനു പരിഹാരവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. ഹോസ്റ്റലുകളിലും പേയിങ് ഗെസ്റ്റ് (പിജി) കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സ്പ്രിങ് ഘടിപ്പിച്ച ഫാനിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്കു വലിഞ്ഞുനിൽക്കുന്ന തരത്തിലാണു സംവിധാനം. ഫാനിൽ തൂങ്ങിയുള്ള ആത്മഹത്യകൾ ഇങ്ങനെ ഒഴിവാക്കാമെന്നാണ് അധികൃതർ കരുതുന്നത്.

രാജ്യത്തെ മികച്ച എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്നതിനായി ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു വിവിധ സംസ്ഥാനങ്ങളില്‍നിന്നു കോട്ടയിലെ സെന്ററുകളില്‍ പരിശീലനത്തിനായി എത്തുന്നത്. ഇവിടെയുള്ള കുട്ടികളുടെ ആത്മഹത്യ തടയാനായി കേന്ദ്രസര്‍ക്കാര്‍ സമഗ്രപദ്ധതി തയാറാക്കണമെന്നു ബിജെപി എംപി സുശീല്‍ മോദി ആവശ്യപ്പെട്ടിരുന്നു.

RELATED STORIES