കാന്‍സറിനെതിരെ പുത്തന്‍ കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്
Reporter: News Desk 01-Sep-20231,660
ഒരൊറ്റ കുത്തിവെയ്പ്പിലൂടെ കാന്‍സര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് ഇംഗ്ലണ്ടിലെ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് (എന്‍എച്ച്എസ്) ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) അംഗീകാരവും മരുന്നിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുത്തിവെയ്പ്പ് ആരംഭിച്ചതെന്ന് എന്‍എച്ച്എസ് പറഞ്ഞു.
കാന്‍സറിനെതിരായുള്ള ഇത്തരത്തിലൊരു ചികിത്സ ലോകത്ത് തന്നെ ആദ്യമായാണ് നടക്കുന്നത്. തൊലിപ്പുറത്ത് വെയ്ക്കുന്ന കുത്തിവെയ്പ്പാണിത്. നൂറു കണക്കിന് രോഗികള്‍ മരുന്ന് സ്വീകരിക്കാനായി തയ്യാറായി കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
നിലവിലെ അറ്റെസോലിസുമാബ് അല്ലെങ്കില്‍ ടെസെന്‍ട്രിക് (Tecentriq) രീതിയിലൂടെ രോഗികള്‍ക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പിലൂടെയാണ് മരുന്ന് നല്‍കുന്നത്. ഈ ചികിത്സാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളുന്നതാണ്. ചില രോഗികള്‍ക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാകും. എന്നാല്‍ തൊലിപ്പുറത്തുള്ള പുതിയ രീതിയില്‍ കേവലം എഴ് മിനിറ്റ് മാത്രമായിരിക്കും എടുക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
റോഷെ കമ്പനിയായ ജെനെന്‍ടെകാണ് പുതിയ അറ്റെസോലിസുമാബ് നിര്‍മ്മിച്ചത്. കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ഈ മരുന്ന്. പുതിയ രീതിയിലൂടെ രോഗികള്‍ക്ക് സൗകര്യ പ്രദവും വേഗത്തിലുള്ളതുമായ ചികിത്സയും ലഭ്യമാക്കും. ഇതിനു പുറമെ, സമയവും ലാഭിക്കാം.