ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു

538 കോടി രുപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് (പിഎംഎല്‍എ) അറസ്റ്റ്. ഇ.ഡിയുടെ മുംബൈ ഓഫീസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.

74കാരനായ ഗോയലിനെ ഇന്ന് പിഎംഎല്‍എ കോടതയില്‍ ഹാജരാക്കി ഇ.ഡി കസ്റ്റഡിയില്‍ വാങ്ങിയേക്കും. ജെറ്റ് എയര്‍വേസ്, ഗോയല്‍, ഭാര്യ അനിത, കമ്പനിയിലെ ചില മുന്‍ എക്‌സിക്യൂട്ടീവുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ നേരത്തെ കേസെടുത്തിരുന്നു.

കാനറ ബാങ്കിന്റെ പരാതിയിലാണ് കേസ്. 848.86 കോടിയാണ് ജെറ്റ് എയര്‍വേസിന് വായ്പയായി അനുവദിച്ചത്. അതില്‍ 538.62 കോടി ഇപ്പോഴും കുടിശികയായി കിടന്നിരുന്നു. ഇത 2021 ജൂലായില്‍ ക്ലിയര്‍ ചെയ്തതായി വ്യാജമായി കാണിച്ചിരുന്നു. എന്നാല്‍ ബാങ്കിന്റെ പരിശോധനയില്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് അനുബന്ധ കമ്പനികളിലേക്ക് 1410.41 കോടി രൂപ മൊത്തം കമ്മീഷന്‍ ചെലവുകളായി വകമാറ്റിയെന്ന് ഫോറന്‍സിക് ഓഡിറ്റില്‍ കണ്ടെത്തിയെന്നായിരുന്നു ബാങ്കിന്റെ ആരോപണം.

ഗോയല്‍ കുടുംബത്തിന്റെ ജീവനക്കാരുടെ ശമ്പളം, ഫോണ്‍ ബില്ലുകള്‍, വാഹനത്തിന്റെ ചെലവുകള്‍, മറ്റ് എല്ലാ ചെലവുകളും അടക്കം എല്ലാ വ്യക്തിപരമായ ചെലവുകളും ജെറ്റ് എയര്‍വേസ് ലിമിറ്റഡില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

ജെറ്റ് എയര്‍വേസ് ലിമിറ്റഡില്‍ നിന്നുള്ള ഫണ്ട് ജെറ്റ് ലൈറ്റ് ലിമിറ്റഡിലേക്ക് വകമാറ്റി. വായ്പകളുടെയും അഡ്വാന്‍സുകളുടെയും നിക്ഷേപങ്ങളുടെയും പേരിലായിരുന്നു ഈ വകമാറ്റലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED STORIES