മിഡ്-സൈസ് എസ്‌യുവി എലിവേറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
Reporter: News Desk 05-Sep-20231,608
sv, v, vx, zx എന്നീ നാല് വേരിയന്റുകളിൽ മാനുവൽ സി.വി.ടി ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളിൽ വാഹനം ലഭ്യമാണ്. ഹോണ്ടയിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി കൂടിയാണ് ഹോണ്ട എലിവേറ്റ്. ഹോണ്ടയുടെ ഗ്ലോബൽ പ്രോഡക്ട് ആയാണ് എലിവേറ്റ് വിപണിയിൽ എത്തിയിരിക്കുന്നത്. വിദേശത്ത് വിൽക്കുന്ന ഏറ്റവും പുതിയ ഹോണ്ട എസ്‌യുവികളായ HR-V, ZR-V, CR-V എന്നിവയോട് സാമ്യമുള്ള രിതിയിലാണ് എലിവേറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
എൽഇഡി ഹെഡ്‍ലാംപ്, വലിയ ഹെക്സഗൊണൽ ഗ്രിൽ, ക്യാരക്ടർ ലൈനുകൾ നൽകിയ വശങ്ങൾ, സിറ്റിയിൽ നൽകിയതിന് സമാനമായ അലോയ്, ആകർഷകമായ റിയർ പ്രൊഫൈൽ എന്നിവ വാഹനത്തിന് നൽകിയിട്ടുണ്ട്. ഇന്റീരിയറിൽ പ്രീമിയം ഫീൽ നൽകുന്ന രീതിയിലാണ് ഹോണ്ട എലിവേറ്റ് വിപണിയിലേക്ക് എത്തുന്നത്. ഹോണ്ടയുടെ പുതുതലമുറ സിറ്റിയിൽ ഉൾപ്പെടെ നൽകിയിട്ടുള്ള ഫീച്ചറുകളാണ് എലിവേറ്റിലും നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡിന്റെ നടുക്കായി ഇടംപിടിച്ചിരിക്കുന്ന ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്.
10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജ്, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ എസ്‌യുവി ലുക്ക് നൽകുന്ന ഫീച്ചറുകൾക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും വാഹനത്തിലുണ്ട്. കമ്പനിയുടെ ഇക്കോ ഗ്ലോബൽ ഡിസൈൻ ലാഗ്വേജ് അനുസരിച്ച് ഹോണ്ടയുടെ ഏഷ്യ-പസഫിക് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. 4312 എംഎം നീളം, 1790 എംഎം വീതി, 1650 എംഎം ഉയരം, 2650 എംഎം വീൽ ബേസ് , 220 എംഎം ഗ്രൗണ്ട് ക്ലീറെൻസ്, 458 ലിറ്റർ ബൂട്ട് സ്പേസ് എന്നിങ്ങനെയാണ് വാഹനത്തിന്റെ അളവുകൾ ഉള്ളത്.
ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട എലിവേറ്റ് നിർമിച്ചിരിക്കുന്നത്. അഞ്ചാം തലമുറ സിറ്റിയുടെ പ്ലാറ്റ്‌ഫോമിൽ ആണ് ഈ പുതിയ ഹോണ്ട എസ്‌യുവിയും എത്തുന്നത് എന്ന് ചുരുക്കം. 121 ബിഎച്ച്പി പവർ നൽകുന്ന 1.5, 4-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിൽ ആണ് ഇതിലും നൽകിയിട്ടുള്ളത്. ഇതൊരു 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷിലും സിവിടി ഓപ്ഷനിലും ഈ വാഹനം ലഭ്യമാകും.
ഫ്രണ്ട് ടയറുകളിലേക്കാണ് എഞ്ചിനിൽ നിന്നുള്ള കരുത്ത് പോകുന്നത്. എന്നാൽ 1.5L കരുത്തുറ്റ ഹൈബ്രിഡ് പതിപ്പിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന് ഇലക്ട്രിക് പവർ ട്രെയിൻ ലഭിക്കുമെന്നും ഹോണ്ടയും അറിയിച്ചിട്ടുണ്ട്.
എലിവേറ്റിന് ഹോണ്ട സെൻസിംഗ് എന്ന് വിളിക്കപ്പെടുന്ന അഡാസ് ഫീച്ചറും ലഭിക്കുന്നുണ്ട്. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളാണ് കമ്പനി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പിലുള്ള അതേ ഫീച്ചർ തന്നെയാണ് എലിവേറ്റിലും കമ്പനി നൽകിയിരിക്കുന്നത്.
10.99 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ പ്രാരംഭ വില. എസ്‌വി വകഭേദത്തിന് 10.99 ലക്ഷം രൂപയാണ് വില. രണ്ടാമത്തെ മോഡൽ, വി മാനുവലിന് 12.10 ലക്ഷം രൂപയും വി ഓട്ടമാറ്റിക്കിന് 13.20 ലക്ഷം രൂപയും. വിഎക്സ് മാനുവലിന് 13.49 ലക്ഷം രൂപയും വിഎക്സ് സിവിടിക്ക് 14.59 ലക്ഷം രൂപയുമാണ് വില. ഉയർന്ന വകഭേദം ഇസഡ് എക്സ് മാനുവലിന് 14.89 ലക്ഷം രൂപയും ഇഡസ് എക്സ് സിവിടിക്ക് 15.99 ലക്ഷം രൂപയുമാണ് വില. വാഹനത്തിന്റെ ബുക്കിങ് ജൂലൈ 3 ന് ആരംഭിച്ചിരുന്നു. ജൂൺ 6നാണ് ആഗോളതലത്തിൽ പുതിയ മിഡ്-സൈസ് എസ്‌യുവി അരങ്ങേറ്റം കുറിച്ചത്.