കേരള പോലീസിന് വീണ്ടും പ്രഹരമായി പോലീസ് ഉദ്യോഗസ്ഥരുടെ സ്വയം വിരമിക്കലും
Reporter: News Desk 07-Sep-20231,638
826 പോലീസ് ഉദ്യോഗസ്ഥരാണ് സര്‍വീസ് കാലാവധി അവസാനിക്കും മുന്‍പ് സേനയില്‍ നിന്നും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ കേരള പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ഭരണ പരിഷ്‌കാരകമ്മീഷന്‍ പഠന റിപ്പോര്‍ട്ട് മാസങ്ങള്‍ക്കുമുന്‍പ് പുറത്തുവന്നിരുന്നു. അതിനു ശേഷമാണ് ഇത്രയുമധികം സ്വയം വിരമിക്കല്‍ അപേക്ഷകളും സേന നേരിടുന്ന പ്രതിസന്ധികളാണ് തുറന്നുകാട്ടുന്നത്.
കേരളത്തിലാകെ 484 സ്റ്റേഷനുകളിലായി 21,592 പോലീസ് ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. എന്നാൽ, ജനസംഖ്യയ്ക്ക് ആനുപാതികമായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യം നിലനില്‍ക്കെയാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഒരു സ്‌റ്റേഷനിലെ ജോലികള്‍ നിര്‍വഹിക്കാന്‍ 60 ഉദ്യോഗസ്ഥരെങ്കിലും വേണമെന്നിരിക്കെ സംസ്ഥാനത്തെ പകുതിയിലേറെ സ്റ്റേഷനുകളിലും 35 പേരില്‍ താഴെ മാത്രമാണ് ഉള്ളത്. ഇതുകൊണ്ടുതന്നെ പല ഉദ്യോഗസ്ഥരും 15 മണിക്കൂറിലധികം സമയം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതോടൊപ്പം തന്നെ, പോലീസ് ഡ്രൈവര്‍മാര്‍ക്ക് 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണെന്നും ഇവരുടെ ജോലി സമയം 12 മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. ഈ രീതിയിൽ സേനയിലെ ഒട്ടുമിക്ക എല്ലാവിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ജോലിസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.