നിപ ബാധയിൽ ആശ്വാസ വാർത്ത : സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി വ്യക്തമാക്കി.

നിലവിൽ ഓക്‌സിജൻ സപ്പോർട്ടുണ്ട്. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതിയെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 1233 പേരാണ്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

RELATED STORIES