കരുവന്നൂർ ബാങ്ക് തട്ടിപ്പ് : അന്വേഷണം ഉന്നതരിലേക്ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം ഉന്നതരിലേക്ക്. കേസിൽ അറസ്റ്റിലായ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷനെയും ബാങ്ക് മുൻ ജീവനക്കാരൻ ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. ഇഡി നൽകിയ അപേക്ഷ, കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. 

പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ പങ്ക് ആരൊക്കെ പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ഓണറേറിയം മാത്രം വരുമാനമായിട്ടുള്ള അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

മുൻമന്ത്രി എസി മൊയ്തീന്റെ ഏറ്റവും അടുത്ത ആളാണ് അരവിന്ദാക്ഷൻ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിനെ എസി മൊയ്തീനുമായി അടുപ്പിച്ചത് അരവിന്ദാക്ഷനാണ്. വടക്കാഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് അരവിന്ദാക്ഷൻ പൊതുപ്രവർത്തന രം​ഗത്തെത്തുന്നത്. 2005 ൽ പാർട്ടിയിലെ സീനിയോറിറ്റി മറികടന്ന് അരവിന്ദാക്ഷൻ പർളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2015 ലും 2020 ലും വടക്കാഞ്ചേരി നഗരസഭയിലേക്ക് വിജയിച്ചു.

RELATED STORIES