സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം

നന്ദേഡ് മെഡി. കോളജില്‍ 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

മരണത്തിനു കാരണക്കാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്നാണ് പ്രതിപക്ഷം ആരോപണം. സംഭവം ദൗർഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

പാമ്പുകടിയേറ്റവർ ഉൾപ്പെടെയാണ് മരണത്തിനു കീഴടങ്ങിയത്. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ആശുപത്രി ഡീൻ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി .

കോൺഗ്രസ് നേതാവ് അശോക് ചവാൻ മരണം നടന്ന ആശുപത്രി സന്ദർശിച്ചു. മെഡിക്കൽ കോളേജിൽ ഏകദേശം 24 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, സ്ഥിതി ആശങ്കാജനകവും ഗുരുതരവുമാണെന്ന് ചവാനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 70 ഓളം പേർ ഗുരുതരാവസ്ഥയിലാണ്.
സർക്കാർ അടിയന്തര സഹായം നൽകണം. സ്ഥലംമാറ്റം ലഭിച്ച ഒട്ടേറെ നഴ്‌സുമാർക്ക് പകരം നിയമനം നൽകിയിട്ടില്ല. ഈ സാഹചര്യം ആവശ്യമായ എല്ലാ സഹായവും വിഭവങ്ങളും നൽകണം," അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED STORIES