തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇത്തവണയെങ്കിലും കേളത്തിലെ തലവിധി തിരുത്താന്‍ ലക്ഷ്യമിട്ട് ബിജെപി
Reporter: News Desk 04-Oct-20232,385
സീറ്റ് ഏകദേശം ധാരണയായിരിക്കുന്ന മണ്ഡലങ്ങളില്‍ മറ്റു മുന്നണികളേക്കാള്‍ മുമ്പേ തന്നെ സജീവമായി കളം പിടിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം തിരുവനന്തപുരത്ത് ദേശീയ നേതാവ് മത്സരിക്കാനെത്തുമോ വടകരയില്‍ മുരളീധരന് എതിരാളിയാര് തുടങ്ങിയ ആകാംഷകള്‍ മാത്രമാണ് ബിജെപി വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്ന പുതിയ ആകാംഷകള്‍.
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് കേള്‍ക്കുന്നത്. അദ്ദേഹം മണ്ഡലത്തില്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരനെ വീണ്ടും പരീക്ഷിച്ചേക്കും. പുതിയതായി പാര്‍ട്ടിയുടെ ചുമതലയിലേക്ക് വന്ന അനില്‍ ആന്റണിയെ എറണാകുളത്ത് ഇറക്കാനാണ് സാധ്യത. പാലക്കാട് സി കഷ്ണകുമാര്‍ തന്നെയാവും. കരുവന്നൂര്‍ ബാങ്കിനെതിരേയുള്ള വിഷയത്തില്‍ ജാഥ നടത്തി തൃശ്ശൂരില്‍ സുരേഷ് ഗോപി പ്രചരണം തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട്ട് ശോഭ സുരേന്ദ്രനും പ്രവര്‍ത്തനം സജീവമാക്കി.
അതേസമയം വടകര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ കടുത്ത ആലോചനയിലാണ് ബിജെപി. വടകരയില്‍ കെ. മുരളീധരനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുകയെന്ന് ഉറപ്പാക്കിയതോടെ മികച്ച സ്ഥാനാര്‍ത്ഥിക്കായി കാക്കുകയാണ് ബിജെപി. എംടി രമേശ് അടക്കമുള്ള മുന്‍നിര നേതാക്കളാണ് പരിഗണനയിലുള്ളത്. കയ്യിലുണ്ടായിരുന്ന നേമം നിയമസഭാ സീറ്റില്‍ വി. ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കിയത് കെ. മുരളീധരന്റെ വരവായിരുന്നു എന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്.
മുരളീധരന്‍ മത്സരിക്കാന്‍ എത്തിയിരുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ടുനേടി വിജയം നേടുമായിരുന്നു. നേമത്തെ തോല്‍വിക്ക് പകരം വീട്ടാന്‍ വടകരയില്‍ മുരളീധരന്‍ വീണ്ടും മത്സരിച്ചാല്‍ ശക്തമായ ത്രികോണ മത്സരം കൊണ്ടുവരാനും മുരളീധരനെ ഏതുവിധേനെയും തോല്‍പ്പിക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിര്‍മ്മലാ സീതാരാമന്‍ അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രനേതൃത്വമോ സംസ്ഥാന നേതൃത്വമോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനിടയില്ല. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഇക്കുറി ആലപ്പുഴ ഇറങ്ങണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യവും പരിഗണിക്കുമോ എന്ന് വ്യക്തമല്ല.