പൊലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിലെ എഡിറ്റര്‍ ഇന്‍ ചീഫിനെയും എച്ച് ആറിനെയും പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Reporter: News Desk 04-Oct-20232,014
എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കയസ്ഥ, നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെയാണ് ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസമാണ് പ്രബിര്‍ പുര്‍കയസ്ഥ, അമിത് ചക്രവര്‍ത്തി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്കെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.
ന്യൂസ് ക്ലിക്ക് ഓഫിസിലും പ്രബിര്‍ പുര്‍കയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും പൊലീസ് സ്‌പെഷല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചൊവ്വ പുലര്‍ച്ചെ 6 മുതല്‍ 46 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീല്‍ ചെയ്തു. 9 വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ചോദ്യം ചെയ്തുവെന്നാണു വിവരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ അനുരാധ രാമന്‍, സത്യം തിവാരി, അദിതി നിഗം, സുമേധാ പാല്‍, സുബോധ് വര്‍മ, എഴുത്തുകാരി ഗീത ഹരിഹരന്‍, ഭാഷാ സിങ് തുടങ്ങിയവരുടെ ദേശീയതലസ്ഥാന മേഖലയിലെ വീടുകളിലും സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വീട്ടിലും പരിശോധന നടന്നു.
മാധ്യമപ്രവര്‍ത്തകരായ ഉര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, അബിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈല്‍ ഹാഷ്മി തുടങ്ങിയവരെയും ലോധി റോഡിലെ പൊലീസ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയിലും പരിശോധനയുണ്ടായി. ഡല്‍ഹി എകെജി ഭവനിലെ ഓഫിസ് ജീവനക്കാരന്റെ മകനും ന്യൂസ് ക്ലിക്കിലെ ഗ്രാഫിക് ഡിസൈനറുമായ സുമിത് കുമാര്‍ ഇവിടെയാണു താമസിക്കുന്നത്.