മലയോര നിവാസികളുടെ ഉറക്കം കെടുത്തി വന്യ മൃഗശല്യം വീണ്ടും രൂക്ഷമാകുന്നു

മുണ്ടക്കയം ടി.ആര്‍.ആന്റ് ടി എസ്‌റ്റേറ്റില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നതു കടുവയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ഭയം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. തേക്കടി വന്യ ജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്നതോ സമീപത്തുള്ളതോ ആയ പെരുവന്താനം, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ ജനങ്ങളാണു വന്യ ജീവി ആക്രമണങ്ങളുടെ പ്രധാന ഇരകള്‍.

കാട്ടിലുള്ള എല്ലാ മൃഗങ്ങളും ഇപ്പോള്‍ നാട്ടിലുമുണ്ടെന്നു ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ മേയില്‍ കണമലയില്‍ പട്ടാപ്പകല്‍ കാട്ടുപോത്ത് രണ്ടു പേരെ കുത്തിക്കൊന്നതോടെയാണു വന്യമൃഗശല്യം ജനങ്ങളുടെ ഉറക്കം കെടുത്തി തുടങ്ങിയത്. തുടര്‍ന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടുപോത്തിനെ കണ്ടതായി ജനങ്ങള്‍ പറയുന്നു. എരുമേലി പഞ്ചായത്തിന്റെ അതിര്‍ത്തി മേഖലയിലും മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ ദിനംപ്രതി നശിപ്പിക്കുന്നത്. മുണ്ടക്കയം ടി.ആര്‍ആന്റ് ടി എസ്‌റ്റേറ്റില്‍ 18 കാട്ടാനകള്‍ ദിവസങ്ങോളം തമ്പടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.

ഇന്നലെ കടുവ ഇറങ്ങിയെന്നു സ്ഥിരീകരിച്ച ടി.ആര്‍. ആന്റ് ടീ എസ്‌റ്റേറ്റില്‍ രണ്ടു വര്‍ഷത്തിനിടെ പത്തിലേറെ പശുക്കള്‍, അമ്പതിലേറെ നായകള്‍ എന്നിവ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ആക്രമണം നടത്തുന്ന വന്യജീവി ഏതെന്നു സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിരുന്നില്ല. ജൂലൈയിൽ മുണ്ടക്കയം പുഞ്ചവയലിനു സമീപത്തു നിന്നു പുലിയെ വനംവകുപ്പ് കെണിയില്‍ കുടുക്കിയിരുന്നു. ദിവസങ്ങളോളം പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നതിനെത്തുടര്‍ന്നാണ് വനംവകുപ്പ് കെണിയൊരുക്കിയത്.കാട്ടുപന്നി, മലയണ്ണാന്‍, കുറുക്കന്‍, കുരങ്ങ്, മയില്‍, മരപ്പട്ടി എന്നിവയുടെ ശല്യവും രൂക്ഷമാണ്. കപ്പ, വാഴ കൃഷികളും റബര്‍ െതെകളും കാട്ടുപ്പന്നിക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നുണ്ട്.

തേങ്ങ, കൊക്കോ, പഴ വര്‍ഗങ്ങള്‍ എന്നിവ കുരങ്ങും മലയണ്ണാനും നശിപ്പിക്കും. മയിലിനെ പലയിടങ്ങളിലും കാണാറുണ്ടെങ്കിലും വ്യാപക കൃഷിനാശമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടില്ല. എന്നാല്‍, കുറുക്കന്റെ ശല്യം രൂക്ഷമാണ്. മലയോര പഞ്ചായത്തുകളില്‍ മാത്രമല്ല മറ്റു പഞ്ചായത്തുകളിലും കുറുക്കന്റെ ശല്യമുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയെ കുറുക്കന്‍മാര്‍ വ്യാപകമായി കൊന്നൊടുക്കുന്നതായി കര്‍ഷകര്‍ പറയുന്നു.

RELATED STORIES