ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ചെങ്ങന്നൂര്‍: രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമായെന്നും സര്‍ക്കാരിനും, ജനങ്ങള്‍ക്കും സാമ്പത്തിക ലാഭമുണ്ടായെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കല്ലിശ്ശേരി റെസ്റ്റ് ഹൗസ് കാന്റീന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സെപ്റ്റംബര്‍ വരെ 1,73,692 പേര്‍ ഓണ്‍ലൈന്‍ വഴി മുറികള്‍ ബുക്ക് ചെയ്തതിലൂടെ പത്തുകോടിയില്‍പരം രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷനായി. സംസ്ഥാനത്തെ ഏറ്റവും മികച്ചതും വരുമാനമുള്ളതുമായ റസ്റ്റ് ഹൗസുകളിലൊന്നായി ചെങ്ങന്നൂര്‍ ഗവ.റസ്റ്റ് ഹൗസ് മാറിയെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍, എം. ശശികുമാര്‍, രശ്മി സുഭാഷ്, ബീന ബിജു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ റംലബീവി, ഷാജി കുതിരവട്ടം, ഗിരീഷ് ഇലഞ്ഞിമേല്‍, ടിറ്റി എം. വര്‍ഗ്ഗീസ്, സജി വെള്ളവന്താനം എന്നിവര്‍ സംസാരിച്ചു. റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് കാന്റീന്‍ കെട്ടിടവും. 15 ലക്ഷം രൂപ ഉപയോഗിച്ച് ശുചിമുറി ബ്ലോക്കുമാണ് നിര്‍മ്മിച്ചത്.

RELATED STORIES