ഹൈദരാബാദില്‍ 23 കാരിയായ ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം
Reporter: News Desk 14-Oct-20232,369
വാറങ്കല്‍ സ്വദേശിയായ പ്രവലിക വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകള്‍ നിരന്തരമായി മാറ്റിവെയ്ക്കുന്നതില്‍ അസ്വസ്ഥയായിരുന്നു. പ്രവലിക അശോക് നഗറിലെ ഹോസ്റ്റല്‍ മുറിയിലാണ് ജീവനൊടുക്കിയത്. നൂറ് കണക്കിന് ആളുകളാണ് അര്‍ധ രാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ടിഎസ്പിഎസ്സി) പരീക്ഷക്ക് തയ്യാറെടുക്കാനാണ് പ്രവലിക എത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകള്‍ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഗ്രൂപ്പ്-2 പരീക്ഷ മാറ്റിവച്ചു. പരീക്ഷകള്‍ നിരന്തരമായി മാറ്റിവയക്കുന്നതില്‍ മനംമടുത്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രവലിക പരീക്ഷകള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതിനിടയില്‍ പ്രതിസന്ധിയിലായതായും സുഹൃത്ത് പറഞ്ഞു.
യുവതിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ യുവാക്കള്‍ ഹോസ്റ്റലിന് സമീപം തടിച്ചുകൂടി. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആര്‍ടിസി ക്രോസ്‌റോഡിലും ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു ഒടുവില്‍ ജനകൂട്ടത്തെ പിരിച്ച് വിടാനായി പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. പ്രവലികയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ തെലങ്കാന കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിനു പുറത്ത് കോണ്‍ഗ്രസിന്റെയും എഐഎംഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു.