ഗൃഹനാഥനെയും, യുവാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നവർ പിടിയിൽ
Reporter: News Desk 17-Oct-20231,965
പാമ്പാടി: പാമ്പാടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം വട്ടക്കുന്ന് പെരുമ്പറയിൽ വീട്ടിൽ ഷിജോമോൻ ജോസഫ് (39), പാമ്പാടി പൊത്തൻപുറം ഭാഗത്ത് തലയ്ക്കൽ വീട്ടിൽ നിജു റ്റി.എം(44) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തായ ഷിജോ ചാക്കോയും ചേര്‍ന്ന് കഴിഞ്ഞ മാസം 30 ന് രാത്രിയോടുകൂടി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് ഗൃഹനാഥനുമായി മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ചത്. ഇതിനുശേഷം ഇവർ തൊട്ടടുത്തുള്ള ബാറിൽ വച്ച് പൊത്തൻപുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. യുവാവിനോടും ഇവർക്ക് മുൻ വൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളില്‍ ഒരാളായ ഷിജോ ചാക്കോയെ പിടികൂടിയിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ പോയ മറ്റു രണ്ടു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരെ തിരുവല്ല കോട്ടായി കോളനി ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്എച്ച്. ഓ സുവർണ്ണ കുമാർ, സി.പി.ഓ മാരായ അനൂപ്, ജിബിൻ ലോബോ,സുനിൽ, അജേഷ്, ശ്രീജിത്ത്, മഹേഷ്, സുമീഷ് മാക്മില്ലൻ, വിജയരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.