പാലിയേക്കര ടോൾപ്ലാസയിൽ ഇ.ഡി. പരിശോധന നടത്തി

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സംഘം നിർണായക രേഖകൾ പിടിച്ചെടുത്തതായി അറിയുന്നു. അസി. ഡയറക്ടർ സത്യവീർ സിങിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിച്ച പരിശോധന വൈകീയും തുടരുകയാണ്.

മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ എത്തിയ ഇ.ഡി.സംഘം ടോൾപ്ലാസ സെൻ്റർ പൂർണമായും നിയന്ത്രണത്തിലാക്കിയായിരുന്നു പരിശോധന നടത്തിയത്. ഓഫീസിൽ പ്രവേശിച്ച ജീവനക്കാരെ ആരെയും പുറത്തു കടക്കാൻ പരിശോധന സംഘം അനുവദിച്ചില്ല. സ്ത്രീ ജീവനക്കാരെ ഉൾപ്പെടെ തടഞ്ഞുവെച്ചായിരുന്നു പരിശോധന. ടോൾപ്ലാസ ഉദ്യോഗസ്ഥരുടെയെല്ലാം മൊബൈൽ ഫോണുകൾ ഓഫാകുവാനും സംഘം നിർദേശിച്ചു. മാധ്യമങ്ങളെ ടോൾപ്ലാസ ഓഫീസിൽ പ്രവേശിക്കാനോ വിവരങ്ങൾ കൈമാറാനോ ഇ.ഡി.സംഘം തയ്യാറായില്ല.

ദേശീയപാത നിർമാണ കരാർ ഏറ്റടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ പ്രാദേശിക ഓഫീസ് കൂടിയാണ് പാലിയേക്കരയിലേത്. കൊൽക്കത്ത സ്രെ ഫിനാൻസ് കമ്പനി, ഹൈദരാബാദ് കെ.എം.സി. കമ്പനി എന്നിവയുടെ കൺസോർഷ്യമാണ് ജി.ഐ.പി.എൽ. എന്ന പേരിൽ കരാർ എടുത്ത് ദേശീയപാത നിർമാണവും ടോൾപിരിവും നടത്തി വരുന്നത്.

സ്രെ കമ്പനിയുടെ കൊൽക്കത്ത ഓഫീസിലും കെ.എം.സി. യുടെ ഹൈദരാബാദിലെ ഓഫീസിലും ഒരേ സമയത്തായിരുന്നു പരിശോധന.

ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാരിന് 102.4 കോടി രൂപ നഷ്ടം വരുത്തിയെന്ന സി.ബി.ഐ. കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ അന്വേഷണം. ഈ കേസിൻ്റെ സി.ബി.ഐ. അന്വേഷണ റിപ്പോർട്ട് നേരത്തേ സമർപ്പിച്ചിട്ടുള്ളതാണ്.

RELATED STORIES