ശബരിമലയിലേക്ക് തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി

ശബരിമല: പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നല്‍കി. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.

നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പിഎൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പിജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്.

ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും.

RELATED STORIES