മൂന്നു അരുംകൊലകള്‍ നടത്തി മുങ്ങിയ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ
Reporter: News Desk 19-Oct-20231,629
ഹരിയാന സ്വദേശിയായ ബലേഷ് കുമാർ(60) ആണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്. 2004ൽ ആണ് ഡൽഹിയിൽ ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലുകയും രണ്ടു പേരെ തീയിട്ടു കൊല്ലുകയും ചെയ്തത്. ഇതിന് ശേഷം, ഇയാൾ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ത്തു കടന്നു കളയുകയായിരുന്നു. ഡൽഹി പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അമൻ സിങ് എന്ന വ്യാജപ്പേരിൽ താമസിക്കുന്ന ഇയാളെ പിടികൂടിയത്.
1996-ൽ നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ബലേഷ് കുമാർ ഡൽഹിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. സഹോദരൻ സുന്ദർലാലിനും രാജേഷ് എന്ന ഡൽഹി സ്വദേശിയായ യുവാവിനുമൊപ്പം മദ്യപിക്കുന്നതിനിടെ രാജേഷിന്റെ ഭാര്യയും ബലേഷും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ രാജേഷിനെ ബലേഷ് കുമാറും സഹോദരനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ബിഹാർ സ്വദേശികളായ രണ്ട് തൊഴിലാളികളെ ജോലിയ്ക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ബലേഷ് വിളിച്ചു വരുത്തി. സുന്ദർലാലിന്റെ ട്രക്കിൽ രാജസ്ഥാനിലേക്ക് പുറപ്പെട്ടു. ട്രക്ക് ജോധ്പുർ കടന്നപ്പോൾ വാഹനത്തിന് തീയിട്ട് ബലേഷ് തന്ത്രപൂർവം രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ താനാണെന്ന് വരുത്തിത്തീർക്കാൻ ട്രക്കിൽ തന്റെ തിരിച്ചറിയൽ രേഖകളും ഇയാൾ ഉപേക്ഷിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് മരിച്ചത് ബലേഷ് കുമാറാണെന്ന ധാരണയിൽ കേസ് അവസാനിപ്പിച്ചു. ഇതിനിടയിൽ സുന്ദർലാൽ പിടിയിലായിരുന്നു. ബലേഷ് കുമാറിന്റെ ഭാര്യയ്ക്ക് ഇൻഷുറൻസ് തുകയും പെൻഷൻ ആനൂകൂല്യങ്ങളും ലഭിക്കുകയും ചെയ്തു.
പിന്നീട് ഡൽഹിയിലെത്തിയ ബലേഷ് കുമാർ അമൻ സിങ് എന്ന വ്യാജപേരിൽ വസ്തു ഇടപാടുകാരനായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പോലീസിന് ബലേഷ് കുമാർ മരിച്ചിട്ടില്ലെന്നും ഡൽഹിയിലെ നജഫ്ഗഢിലുണ്ടെന്നും രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് നജഫ്ഗഢിലെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ബലേഷ് കുമാറിനെതിരെയുള്ള കേസുകളിൽ പുനരന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.