കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം വയോധികന്‍ കത്തികൊണ്ടു സ്വയം കുത്തി ആത്മഹത്യക്കു ശ്രമിച്ചു

ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇസ്രയേല്‍ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വാ (36) യാണു മരിച്ചത്‌. ഇവരുടെ ഭര്‍ത്താവ്‌ കൃഷ്‌ണചന്ദ്രനാണ്‌(75) ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലുള്ളത്‌.

ഡീസന്റ്‌മുക്ക്‌ കോടാലി ജങ്‌ഷനില്‍ പൊതുവിതരണ കേന്ദ്രത്തിനു മുമ്പിലുള്ള തിരുവാതിര വീട്ടില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ മൂന്നരയോടെയായിരുന്നു സംഭവം.
ഈ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന രവികുമാറിന്റെയും ബിന്ദുവിന്റെയും ചിറ്റപ്പനാണു കൃഷ്‌ണചന്ദ്രന്‍. ഉത്തരാഖണ്ഡില്‍ ദീര്‍ഘകാലം യോഗാ അധ്യാപകനായിരുന്ന കൃഷ്‌ണചന്ദ്രന്‍ ഒരുവര്‍ഷം മുമ്പാണ്‌ ഇസ്രായേലി യുവതിയോടൊപ്പം ആയുര്‍വേദ ചികിത്സയ്‌ക്കായി ഇവിടെയെത്തിയത്‌. ബന്ധുവീട്ടില്‍ പോയ ബിന്ദു ഇന്നലെ ഉച്ചകഴിഞ്ഞു മടങ്ങിയെത്തി കോളിങ്‌ ബെല്‍ അടിച്ചിട്ടും മുന്‍വാതില്‍ തുറന്നില്ല.
തുടര്‍ന്ന്‌ പുറകുവശത്തെ വാതില്‍ തുറന്ന്‌ വീടിനുള്ളില്‍ കയറിയപ്പോഴാണ്‌ സ്വത്വാ മരിച്ചുകിടക്കുന്നതു കണ്ടത്‌. ഈ സമയം കൃഷ്‌ണചന്ദ്രന്‍ കത്തികൊണ്ട്‌ വയറ്റില്‍ കുത്തി ആത്മഹത്യയ്‌ക്കു ശ്രമിക്കുകയായിരുന്നു.

അയല്‍വാസിയുടെ സഹായത്തോടെ വിവരം അറിയിച്ചതോടെ പോലീസ്‌ സ്‌ഥലത്തെത്തി സ്വത്വയെയും കൃഷ്‌ണചന്ദ്രനെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മരിച്ച സ്വത്വയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന്‌ കൃഷ്‌ണചന്ദ്രനെ വിദഗ്‌ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

പോലീസ്‌ ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തി. വിദേശവനിത ഒരു വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചിട്ടും പോലീസ്‌ അറിയാതിരുന്നത്‌ ഗുരുതര വീഴ്‌ചയായാണു ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

താമസത്തിനായി വിദേശികള്‍ എത്തിയാല്‍ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കണമെന്നാണു നിയമം. കൊല്ലപ്പെട്ട ഇസ്രയേല്‍ വനിതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിയില്‍ കഴിയുന്ന കൃഷ്‌ണചന്ദ്രനെ ചോദ്യം ചെയ്‌താലേ അറിയാന്‍ കഴിയൂ.

RELATED STORIES