വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ കാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതിനെതിരേ ജാഗ്രതാനിർദേശവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം

ഇത്തരക്കാർ വിദേശകാര്യമന്ത്രാലയത്തിന്റെ ലൈസൻസ്‌ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഫെയ്സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയിലൂടെയാണ് തട്ടിപ്പെന്നും മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തിൽ പറയുന്നു.

ഉദ്യോഗാർഥികൾ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനമേ പ്രയോജനപ്പെടുത്താവൂ. അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാർ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.

ഉദ്യോഗാർഥികൾ www.emigrate.gov.in സന്ദർശിച്ച് റിക്രൂട്ടിങ് ഏജന്റുമാരുടെ കൃത്യത ഉറപ്പാക്കണം. എമിഗ്രേഷൻ നിയമമനുസരിച്ച് എമിഗ്രേഷൻ സേവനങ്ങൾക്ക് 30,000 രൂപയും 18 ശതമാനം ജി.എസ്‌.ടി.യും മാത്രമാണ് ഏജന്റുമാർക്ക് ഈടാക്കാനാകുക. ഈ തുകയ്ക്ക് ഉദ്യോഗാർഥികൾ രശീതി വാങ്ങണം.

RELATED STORIES