യൂട്യൂബിൽ ലൈക്ക് ചെയ്യുന്ന പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടു പേർ ബംഗളൂരുവിൽ പിടിയിൽ
Reporter: News Desk 16-Dec-20231,445
തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബംഗളൂരു കുറുമ്പനഹള്ളി ചക്രധർ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്.
വെറും ആയിരം രൂപ നിക്ഷേപിച്ചാൽ വൻതുക വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
സൈബർ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ അമ്പതോളം അക്കൗണ്ടുകൾ ഉപയോഗിച്ച് 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായായാണ് വിവരം.
കേസിൽ ബംഗളൂരു സ്വദേശി മനോജ് ശ്രീനിവാസൻ (33) നേരത്തെ അറസ്റ്റിലായിരുന്നു. മനോജിന്റെ സഹായിയാണ് ചക്രധർ. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്നു ഏഴ് ലക്ഷത്തോളം രൂപയും ബിനോയ് എന്നയാളിൽ നിന്നു 11 ലക്ഷം രൂപയും സംഘം തട്ടി.
ആദ്യ ഘട്ടത്തിൽ ചെറിയ തുകകൾ തട്ടിപ്പു സംഘം ഇരകൾക്കു കൈമാറും. പ്രതിഫലം, ലാഭം എന്നിവയാണ് കൈമാറുന്നതെന്നു വിശ്വാസം ജനിപ്പിക്കും. ഇതോടെ ഇരകളാക്കപ്പെടുന്നവരോട് കൂടുതൽ വലിയ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.
സാധാരണക്കാരെക്കൊണ്ടു കറന്റ് അക്കൗണ്ട് എടുപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ അക്കൗണ്ട് ഇവരറിയാതെ മനോജും സംഘവുമാണ് കൈകാര്യം ചെയ്യുക.
പിടിക്കപ്പെട്ടാലും അന്വേഷണം തങ്ങൾക്ക് നേരെ വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഈ അക്കൗണ്ടുകളിലേക്കാണ് ജോലി വാഗ്ദാനം കിട്ടിയവർ പണം നിക്ഷേപിക്കുന്നത്.
ഒരു ദിവസം ആയിരത്തിലേറെ ഇടപാടുകൾ ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നീ രണ്ട് പേരെ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ടുവെന്നും അവർ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നും എന്നാണ് മനോജ് പോലീസിനോടു പറഞ്ഞത്.
എന്നാൽ അന്വേഷണത്തിൽ ഈ പേരുകളും അക്കൗണ്ടുകളും വ്യാജമെന്നു കണ്ടെത്തി. അക്കൗണ്ടുകൾ ചൈനയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നു വ്യക്തമായി.
അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ആളുകളെയാണ് പണം ഇടപാടിനായി തിരഞ്ഞെടുക്കുന്നത്.
അക്കൗണ്ടിൽ പണം വരുന്നതും പോകുന്നതും ഇവർ അറിയില്ല. രാജേഷിന്റെ അക്കൗണ്ട് വഴി രണ്ട് ദിവസം കൊണ്ടു മാത്രം പത്ത് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.