സാമൂഹിക മാധ്യമത്തിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനം : യുവാവ് അറസ്റ്റില്‍

പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പന്‍കണ്ടം ഭാഗത്ത് ഷാ മനസിലില്‍ ഷാ(26)യെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ 18 വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൗഹൃദം മുതലാക്കി പ്രതി പെണ്‍കുട്ടിയുടെ സ്വര്‍ണ മാലയും കമ്മലും ഊരിവാങ്ങി പണയം വച്ചിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് പ്രതിയില്‍നിന്നും രക്ഷപെടാന്‍ കഴിയാത്ത അവസ്ഥയായി. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍പോലും പറയാന്‍ കഴിയാത്ത സ്ഥിതിയായി. സ്വര്‍ണാഭരണങ്ങള്‍ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടുമണിയോടെ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം എത്തുകയും നിര്‍ബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോവുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭരണിക്കാവിലെ വാടകവീട്ടില്‍ കൊണ്ടുപോവുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അടുത്തദിവസം പെണ്‍കുട്ടിയെ സ്വര്‍ണാഭരണങ്ങള്‍ തിരികെ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചശേഷം ഇയാള്‍ മുങ്ങി. പെണ്‍കുട്ടി പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കഴിഞ്ഞ ദിവസം ശാസ്താംകോട്ടനിന്നുമാണ് പിടികൂടിയത്. മൊെബെല്‍ ഫോണ്‍ പോലീസ് പരിശോധിച്ചതില്‍ ഇയാള്‍ക്ക് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസിലായി.

ഇന്‍സ്റ്റഗ്രാമില്‍ ഇയാളുടെ ആകര്‍ഷകമായ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തു പെണ്‍കുട്ടികള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയും ഇത്തരം മെസേജുകള്‍ക്ക് മറുപടി അയക്കുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുന്നതാണ് പതിവ്. വെഞ്ഞാറമ്മൂട് പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ ഇത്തരം കേസ് നിലവിലുണ്ട്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇത് വീട്ടുകാരോട് പറയാതിരിക്കുന്നത് ഇയാള്‍ക്ക് സഹായകരമായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ വലയിലായിട്ടുണ്ടെന്നാണ് സൂചന. ഇയാളെ റിമാന്‍ഡ് ചെയ്തു. സി.ഐ: ശ്രീജിത്ത്.പി, എസ്.ഐമാരായ നിതീഷ്.എസ്, സുഭാഷ്ബാബു, സി.പി.ഒമാരായ സിനുവര്‍ഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

RELATED STORIES