ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത ഏഴുവയസ്സുകാരന്‍റെ കാല് തളർന്ന സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നെന്ന് കുടുംബം

കുട്ടിക്ക് ചികിത്സ പോലും നൽകാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ല. കുറ്റം ചെയ്തവരെ സർക്കാർ സംരക്ഷിക്കുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഡിസംബർ ഒന്നിനാണ് പാലയൂർ സ്വദേശിയുടെ മകൻ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തത്. 'എല്ലായിടത്തും പരാതികൊടുത്തു. കുട്ടിക്ക് സ്‌കൂളിലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്..ദിവസേന ഫിസിയോ തെറാപ്പി ചെയ്യാൻ സ്വന്തം കൈയിൽ നിന്ന് പണം കൊടുത്താണ് പോകുന്നത്. നഴ്സിന് പണിഷ്‌മെന്റ് ട്രാൻസ്ഫർ എന്ന് പറഞ്ഞ് കൊടുത്തത് വീടിനടുത്തേക്ക് തന്നെയാണ്...'.അമ്മ ആരോപിക്കുന്നു.

തലവേദനയെ തുടർന്നായിരുന്നു രണ്ടാം ക്ലാസുകാരനെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോൾ രണ്ടുകുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു.ആദ്യം ഇടതു കൈയിലും പിന്നീട് അരക്കെട്ടിലുമാണ് കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെയാണ് കാലിൽ ശക്തമായ വേദന അനുഭവപ്പെടുകയും നടക്കാൻ ശ്രമിച്ചപ്പോൾ കാൽ തളർന്നുപോയെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും വീട്ടിൽ പോയാൽ മാറുമെന്നായിരുന്നു മറുപടി. എന്നാൽ കുട്ടിയെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടാകാത്തതിനെത്തുടർന്നാണ് മറ്റൊരു ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

RELATED STORIES