സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു

സ്കൂളിലെ പ്രിൻസിപ്പൽ ആയ കോട്ടയം സ്വദേശി തോമസ് ചെറിയാനെയാണ് നാലു വയസ്സുകാരി മരിച്ച സംഭവത്തിൽ പോലീസ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

ഇയാളെ കൂടാതെ കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരനെയും കേസിൽ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നും കുട്ടിയുടെ മരണത്തിൽ സ്കൂളിലെ ആയക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിലെ നാലു വയസ്സുകാരി ജിയന്ന ആൻ ജിറ്റോയെ സ്കൂളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചു വീണു എന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജിയന്ന ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകളാണ് മരിച്ച ജിയന്ന. പരിക്കേറ്റ കുട്ടിയെ മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുന്നത്.

അവിടെനിന്നാണ് ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് ദേഹത്തുള്ളത് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു.

കുട്ടി അബോധാവസ്ഥയിൽ ആയതോടെ തുടക്കത്തിൽ കൂടെയുണ്ടായിരുന്ന സ്കൂൾ പ്രിൻസിപ്പൽ മുങ്ങിയതോടെ സംശയം ഇരട്ടിക്കുകയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

RELATED STORIES