മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ തട്ടിയെന്ന പരാതിയുമായി 50 നിക്ഷേപകർ

പാലക്കാട്: മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയതായി നിക്ഷേപകരുടെ പരാതി. പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രവാസികൾ, കൂലിപ്പണിക്കാർ, വീട്ടമ്മമാർ, ഉദ്യോ​ഗസ്ഥർ, ഡോക്ടർമാർ ഉൾപ്പെടെ തട്ടിപ്പിൽ വീണുപോയി. ആശുപത്രിക്കായി കുന്തിപ്പുഴയോരത്ത് സ്ഥലം വാങ്ങി കെട്ടിടം വച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനം മാസങ്ങൾക്ക് മുൻപ് നിർത്തി. പിന്നാലെയാണ് തട്ടിപ്പ് വിവരം പുറത്തു വന്നത്.

മണ്ണാർക്കാട് സിവിആർ ആശുപത്രി ഉടമകൾക്കെതിരെയാണ് അമ്പതിലേറെ നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്.

സൗജന്യ ചികിത്സ, 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ആശുപത്രിയിൽ ജോലി, രണ്ട് വർഷത്തിനു ശേഷം ലാഭത്തിന്റെ 40 ശതമാനം- നിക്ഷേപകരിൽ നിന്ന് പണം വാങ്ങുമ്പോൾ നൂറ് രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് കൊടുത്ത വാഗ്ദാനങ്ങളാണിവ.

40,000 രൂപ മുതല്‍ 25 ലക്ഷം വരെ കൊടുത്തവർ കൂട്ടത്തിലുണ്ടെന്ന് നിക്ഷേപകർ പറയുന്നു. ഒന്നര മാസമായി ഉടമകളെ കോണ്‍ടാക്റ്റ് ചെയ്യാന്‍ പോലും കിട്ടുന്നില്ലെന്നും ഇവർ പറഞ്ഞു.

RELATED STORIES