അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി

അലബാമയില്‍ യൂജിന്‍ സ്മിത്ത് എന്ന 58 കാരനാണ് വധശിക്ഷയ്ക്ക് വിധേയനായത്. 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള കൊലപാതകിയുടെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലൊയാണ് നടപടി. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.

ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്‌സിജന്‍ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും. ഇത്തരത്തില്‍ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.

അബോധാവസ്ഥയ്ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

അബോധാവസ്ഥയുണ്ടാകുന്നതിനു പിറകേ ശരീരം നീലിക്കുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. 7 മിനിറ്റോളം ഓക്സിജന്‍ ലഭിക്കാതെവന്നാല്‍ മസ്തിഷ്‌കത്തിന്റെ കോര്‍ട്ടക്സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും (കോശങ്ങള്‍ നിര്‍ജീവമാവും). ഇതോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി കണക്കാക്കാം.

നൈട്രജന്‍ ശ്വസിക്കേണ്ടി വരുമ്പോള്‍ ചിലര്‍ക്ക് തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രാഥമിക ലക്ഷണമായി കണ്ടേക്കാം. എന്നാല്‍ ചിലര്‍ക്ക് യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും പ്രകടമാവാതെ അബോധാവസ്ഥയിലേക്ക് എത്തിയേക്കാം.

RELATED STORIES