ദയാവധത്തിനു അനുമതി നൽകണം : കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയത്തെ ഒരു കുടുംബം

ദയാവധത്തിനു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോട്ടയത്തെ ഒരു കുടുംബം. തികച്ചും കണ്ണീരണിയിക്കുന്ന ഒരു വാർത്തയാണ് കൊഴുവനാൽ പഞ്ചായത്തിൽ നിന്ന് വരുന്നത്.

ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബവും ദയാവധത്തിന് അനുമതി തേടാ‍ൻ ഒരുങ്ങുന്നത്. നഴ്സുമാരായ സ്മിത - മനു ദമ്പതികളുടെ ഇളയ രണ്ടു കുട്ടികൾ അപൂർവ രോഗബാധിതരാണ്.

ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്യുകയായിരുന്നു സ്മിതയും ഭർത്താവും, കുട്ടികൾക്ക് അപൂർവ്വ രോ​ഗം കണ്ടെത്തിയതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. വീടും സ്ഥലവും പണയം വെച്ച് വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കൊഴുവനാൽ പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെത്തുടർന്നു പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചിരുന്നു.

എന്നാൽ പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകുന്നില്ല, ഇത് കാരണം സ്മിതയ്ക്കു ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ ജോലി നൽകുന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നത്.

RELATED STORIES