കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍ നടക്കും

ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള മഹാജന സഭ സമ്മേളനം കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ എഐസിസി അംഗങ്ങള്‍ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ പ്രഥമ യോഗവും ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക യോഗത്തില്‍ തയാറാക്കിയേക്കുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ട് മുതല്‍ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിലൂടെ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ബൂത്ത് തലത്തിലുള്ള സംഘടനാ ശാക്തീകരണമാണ് നേതൃത്വത്തിന്റെ പ്രധാനലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് ഭാരവാഹികളും മഹാജന സഭയില്‍ പങ്കെടുക്കും. ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎല്‍എമാര്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവര്‍ത്തകരെല്ലാം തന്നെ ദേശീയ അദ്ധ്യക്ഷന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിച്ചേരുന്നത് സംഘടനയ്ക്ക് താഴെത്തട്ടില്‍ നവോന്മേഷം പകരുമെന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ രണ്ടുവട്ടം വന്നുപോയ പശ്ചാത്തലത്തില്‍ ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന മഹാജന സഭ കോണ്‍ഗ്രസിന്റെ സംഘടനാ സ്വാധീനം വിളിച്ചുപറയുന്ന ചടങ്ങായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുത്തത്. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ തൃശ്ശൂരില്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെ തന്നെ തൃശ്ശൂരില്‍ എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തൃശ്ശൂരിലെത്തുന്നത്.

RELATED STORIES