ആലപ്പുഴയില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നു

തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യതകള്‍ തള്ളിക്കളയാതെയാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള ആലപ്പുഴ ഡിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിദ്ദിഖ് വരാനുള്ള സാധ്യതകള്‍ തുറന്നിട്ടായിരുന്നു ഡിസിസി പ്രസിഡന്റ് എം ലിജു സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയാണ് താരം ചെയ്തത്.

താനുമായി കോണ്‍ഗ്രസ് നേതൃത്വമോ ബന്ധപ്പെട്ട നേതാക്കളോ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സിദ്ദിഖ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചത്.

സിദ്ദിഖ് വാര്‍ത്തകളെ നിഷേധിക്കുകയും കോണ്‍ഗ്രസില്‍ മല്‍സരിക്കാനും മറ്റും അര്‍ഹരായ കഴിവുള്ള ആള്‍ക്കാര്‍ വേറെയുണ്ടെന്നും പ്രതികരിച്ചു. തനിക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുമുണ്ടെങ്കിലും ഒരു പാര്‍ട്ടിയിലും മെമ്പറല്ലെന്നും സിദ്ദിഖ് പറയുന്നുണ്ട്. സിനിമ മേഖലയില്‍ താന്‍ തൃപ്തനാണെന്നും സുരക്ഷിതനാണെന്നും അര്‍ഹിക്കുന്നതിലും വലിയ സ്ഥാനം കിട്ടുന്നുണ്ടെന്നും സിദ്ദിഖ് വെളിവാക്കുന്നുണ്ട്.

കോണ്‍ഗ്രസിനുള്ളിലെ സീറ്റിന് വേണ്ടിയുള്ള പോരുകളും യുഡിഎഫിനുള്ളില്‍ അധിക സീറ്റ് ചോദിച്ചുള്ള മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രവുമെല്ലാമാണ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിദ്ദിഖിന്റെ പേര് ഉയരാനിടയാക്കിയ സാഹചര്യം. മുസ്ലീം ലീഗിന്റെ അധിക സീറ്റ് ചോദിക്കലിന് തടയിടാന്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന നീക്കമാണ് സിദ്ദിഖിനെ ആലപ്പുഴ സീറ്റിലേക്ക് പരിഗണിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.

RELATED STORIES