വാദ്യത്തിനു ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ലുകെട്ടി മര്‍ദ്ദിച്ചതായി പരാതി

ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറിയാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. കൊല്ലം ചവറ തേവലക്കരയില്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് പരിക്കേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിനിടെയാണ് പഞ്ചവാദ്യത്തിന് ശബ്ദം പോരെന്ന് ആരോപിച്ച് ആക്രമിച്ചത്.

ക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍. പിടിച്ചുവച്ച ശേഷമായിരുന്നു മര്‍ദ്ദിച്ചതെന്നു വേണുഗോപാല്‍ പറയുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. ആക്രമിക്കുന്നത് കണ്ടു മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിനുശേഷം പ്രതി ഒളിവില്‍ പോയി. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ തെക്കുംഭാഗം പോലീസ്‌
കേസെടുത്തിട്ടുണ്ട്.

മുറിവേല്‍പ്പിക്കുക എന്ന ഉദ്യേശത്തോടെ മാരകായുധം കൊണ്ട് ആക്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.

RELATED STORIES